Saturday, August 20, 2011

കഥയിലെ രാജാവ് ഇതാ ഇവിടെ

2009 ആഗസ്റ്റ് 23 ന് പ്രൊഫ:രവിചന്ദ്രന്‍ എനിക്ക് ഒരു ഈ മെയ്ല്‍ അയച്ചു. നാസ പുറത്തുവിട്ട ഏതാനും ചിത്രങ്ങള്‍ അതോടൊപ്പം ഉണ്ടാ യിരുന്നു. ചന്ദ്രനില്‍ ഇറങ്ങിയതായി കരുതപ്പെടുന്ന അപ്പോളോ യാത്രികര്‍ ചന്ദ്രനില്‍ ഉപേക്ഷിച്ച ലുണാര്‍ മൊഡ്യൂളിന്റെ താഴെ ഭാഗങ്ങളുടെ ഫോട്ടോയെന്ന് നാസ അവകാശപ്പെട്ട ചിത്രങ്ങളായിരുന്നു അവ.

LRO(Lunar Reconnaissance Orbitor) അടുത്ത കാലത്തെടുത്ത ഫോട്ടോകളാണിവയെന്നും അന്ന് അപ്പോളോ യാത്രികര്‍ ചന്ദ്രനിലിറങ്ങുക യും ലൂണാര്‍ മൊഡ്യൂളിന്റെ താഴ്ഭാഗം അവിടെ ഉപേക്ഷിക്കുകയും   ചെയ്തി ല്ലായിരുന്നുവെങ്കില്‍  LRO ക്യാമറക്ക് ലൂണാര്‍ മൊഡ്യൂളിന്റെ താഴ്ഭാഗം ചിത്രീകരിക്കാന്‍ സാധിക്കുമായിരുന്നോ എന്ന ധ്വനിയോടെ ഇതേപ്പറ്റി താങ്ക ളെന്തുപറയുന്നു എന്നാണ് ഈ മെയ്ലില്‍ ചോദിച്ചിരുന്നത്.

ചോദ്യം തികച്ചും ന്യായം. അതുകൊണ്ടു തന്നെ വളരെ ഗൌരവപൂര്‍വ്വം അദ്ദേഹം അയച്ചുതന്ന ഫോട്ടോകളിലേക്കു നോക്കി. ഒട്ടേറെ പ്രാവശ്യം ഫോട്ടോകള്‍ നോക്കിയെങ്കിലും അതില്‍ ലൂണാര്‍ മോഡ്യൂള്‍ എനിക്കു കാണാനായില്ല. അപ്പോളോ യാത്രികര്‍ ചന്ദ്രനില്‍ ഉപേക്ഷിച്ചുവെന്നു കരുത പ്പെടുന്ന ലൂണാര്‍ മൊഡ്യൂളിന്റെ  താഴ്ഭാഗം ഏതായാലും ഫോട്ടോയില്‍ ഉണ്ടായിരുന്നില്ല!
  
ഒരാള്‍ ആനയുടെ ഫോട്ടോ അയച്ചിട്ട് ഈ ‘ആനഫോട്ടോ’യെപ്പറ്റി താങ്കള്‍ എന്തു പറയുന്നു എന്നു ചോദിച്ചുവെന്നിരിക്കട്ടെ. ഫോട്ടോ നോക്കിയപ്പോള്‍ അതില്‍ ആനയില്ലെങ്കിലുളള അവസ്ഥ സങ്കല്‍പ്പിച്ചുനോക്കൂ! സമാനമായ സ്ഥിതിയാണ് പ്രൊഫ:രവിചന്ദ്രന്റെ മെയില്‍ !! ഏതായാലും തമാശക്കോ കബളിപ്പിക്കാനോ അദ്ദേഹം ഇങ്ങനെ ചെയ്യില്ലന്നുറപ്പായാരുന്നു. അതിനാല്‍ പിന്നെയെന്താണു വഴി? അദ്ദേഹത്തോടു തന്നെ ചോദിക്കാ മെന്നു വിചാരിച്ചു. 2009 സെപ്ത:1 ല്‍ മറുപടിയായി ഈ മെയില്‍ അയച്ചു. അതില്‍ ഒരൊറ്റ ചോദ്യമേ ഉണ്ടായിരുന്നുള്ളു: "ഫോട്ടോകളില്‍ കണ്ടതെ ന്താണെന്നു താങ്കളൊന്നു വിവരിക്കാമോ?" കണ്ടതെന്താണെന്ന് അദ്ദേഹം  തന്നെ  വിവരിച്ചാല്‍ അതനുസരിച്ചു കുറേക്കൂടി സൂക്ഷിച്ചുനോക്കിയാലെങ്കിലും  വല്ലതിന്റെയും ചിത്രവും കാണാനായാലോ എന്ന പ്രതീക്ഷയിലാണ് അങ്ങനെ അന്വേഷിച്ചത്.

ഒരു ഭാഗത്ത് പ്രതീക്ഷയുണ്ടെങ്കിലും അതോടൊപ്പം വ്യാകുലമനസ്സായിരുന്നു എന്റേത്. ഒരാള്‍ Lunar Module( LM ) ന്റെ താഴ് ഭാഗത്തിന്റെ ചിത്രം അയച്ചിട്ട്  അതിലൊന്നും കാണാനാവുന്നില്ലെന്നു വന്നാല്‍ പ്രശ്നം ചിത്രത്തിന്റേതു മാത്രമാകണമെന്നില്ല, കണ്ണിന്റേതു കൂടെയാകാമല്ലോ. അതാണെ ങ്കില്‍ ഗുരുതരമാണുതാനും. അത്ര വലിയ പ്രായമൊന്നുമാകാത്ത എനിക്ക് അത്ര വലിയ കാഴ്ചക്കുറവു വന്നാല്‍ വ്യാകുലതയില്ലാതിരിക്കുമോ? എന്തായാ ലും കണ്ണു ഡോക്ടറെ കാണാന്‍ പുറപ്പെടും മുന്‍പ് മറ്റൊരു വഴി ഉചിതമായി തോന്നിയതുകൊണ്ടാണ് അദ്ദേഹത്തോടുതന്നെ ഇക്കാര്യം തിരക്കാമെന്നു വച്ചത്. പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ മറുപടിയെത്തി ! ഫോട്ടോകളില്‍ എന്താണുള്ളതെന്നു മനസ്സിലാകുന്നില്ല എന്നാണു പ്രൊഫ:രവിചന്ദ്രന്‍  (  6 Sept. email ) അറിയിച്ചത്! അതൊടെ മനസ്സമാധാനമായി. ഞാന്‍ ഫോട്ടോകള്‍ നോക്കിയപ്പോള്‍, ലൂണാര്‍ മൊഡ്യൂളിന്റെ താഴെ ഭാഗം കാണാതിരുന്നപോലെ  അദ്ദേഹം നോക്കിയപ്പോഴും ലൂണാര്‍ മൊഡ്യൂളിന്റെ താഴെ ഭാഗം  കണ്ടില്ല! അതോടെ പ്രശ്നം കാഴ്ചശക്തിയുടേതല്ലെന്നും ഫോട്ടോകളില്‍ ലൂണാര്‍ മോഡ്യൂളിന്റെ താഴ് ഭാഗം ഇല്ലെന്നും ബോധ്യമായി.
  
മറ്റു പ്രശ്നങ്ങളെല്ലാം അപ്രത്യക്ഷമായെങ്കില്‍ ഗുരുതരമായ മറ്റൊന്ന് അവശേഷിച്ചു. ലൂണാര്‍ മോഡ്യൂളിന്റെ താഴെ ഭാഗം  ഇല്ലാത്ത ഫോട്ടോകള്‍ അയച്ചു തന്നിട്ട് അവ ലൂണാര്‍ മോഡ്യൂളിന്റെ ഫോട്ടോകളാണെന്നും അതു ചന്ദ്രയാത്രക്കു തെളിവാണെന്നും അതേപ്പറ്റി എന്തു പറയുന്നുവെന്നും പ്രൊഫ: രവിചന്ദ്രന്‍ ചോദിക്കുമോ? സാധ്യത കുറവാണെന്നു തന്നെ ഞാനും കരുതി. എങ്കില്‍ പിന്നെയെന്താണു സംഭവിച്ചത്?
  
യഥാര്‍ത്ഥത്തില്‍ എന്തു സംഭവിച്ചു എന്നു മനസ്സിലാക്കാന്‍ ഉതകുന്ന ഒരു കഥ അദ്ദേഹം തന്നെ പുനരാഖ്യാനം ചെയ്തതു താഴെ കൊടുക്കാം.:

" രണ്ടാംക്‌ളാസ്സിലെ പഴയ കേരളപാഠാവലിയിലെ ഒരു കഥ ആരും അത്രപെട്ടെന്ന് മറക്കാനിടയില്ല. ഒരിടത്ത് ആഡംബരപ്രിയനും ധൂര്‍ത്തനും ഭക്തകേസരിയുമായ ഒരു രാജാവുണ്ടായിരുന്നു എന്നുപറഞ്ഞുതന്നെ തുടങ്ങട്ടെ. അദ്ദേഹത്തെ കൗശലക്കാരായ രണ്ട് നെയ്ത്തുകാര്‍ രാജകീയമായി കബളിപ്പിച്ചതാണ് കഥയുടെ പ്രമേയം. രാജാവിന് ആഡംബര വസ്ത്രങ്ങളോട് വലിയ കമ്പമാണെന്ന് മനസ്സിലാക്കിയ നെയ്ത്തുകാര്‍ ലോകത്തെ ഏറ്റവും സവിശേഷമായ വസ്ത്രം നെയ്തുകൊടുക്കാമെന്ന വാഗ്ദാനവുമായി അദ്ദേഹത്തെ സമീപിച്ചു. ഒരൊറ്റ വ്യവസ്ഥ മാത്രം: ഉന്നതബുദ്ധിയും വിവേകവും ഉള്ളവര്‍ക്ക് മാത്രമേ സ്വര്‍ണ്ണനൂലില്‍ നെയ്‌തെടുക്കുന്ന ആ തിരുവസ്ത്രം കാണാനാവൂ. കേട്ടപ്പോള്‍ ആദ്യം പന്തികേട് തോന്നിയെങ്കിലും വിവരണം കേട്ട് രാജാവ് മോഹവിവശനായി.

എന്തുവന്നാലും ആ വസ്ത്രം തനിക്കുവേണം. വൈകിയില്ല, പിറ്റേന്നുമുതല്‍ പണിതുടങ്ങാന്‍ കല്‍പ്പനയായി. മാത്രമല്ല, ഇക്കാര്യം മാലോകരെല്ലാം അറിയാനായി വിളംബരവും ഏര്‍പ്പാടാക്കി. നെയ്ത്തുകാര്‍ സ്വര്‍ണ്ണനൂലും രാജകീയസമ്മാനങ്ങളും വാങ്ങി കരാറുറപ്പിച്ചു. ദിവസവും പണിശാലയിലെത്തി എന്തൊ ക്കെയോ ചെയ്യുന്നതായി അഭിനയിച്ചുവെങ്കിലും രാജകീയ സുഖ സൗകര്യങ്ങള്‍ ആസ്വദിച്ച്നടന്ന നെയ്ത്തുകാര്‍ പണിയൊന്നുമെടു ത്തിരുന്നില്ല. ആരെങ്കിലും പരിശോധിക്കാന്‍ ചെന്നാല്‍ ഇടയ്ക്കിടെ നൂല് വലിക്കുന്നതായും ഇഴചേര്‍ക്കുന്നതായും അഭിനയിക്കും. രാജാവില്‍ ഒരേസമയം സംശയവും അക്ഷമയും കുറുകി. വസ്ത്രം നെയ്യുന്നുണ്ടോ എന്നതു തന്നെയായിരുന്നു മുഖ്യ സംശയം. പണി പൂര്‍ത്തിയാക്കാനായി പലതവണ ആവശ്യപ്പെട്ടിട്ടും കുറേക്കൂടി ബാക്കിയുണ്ടെന്നായിരുന്നു നെയ്ത്തുകാരുടെ സ്ഥിരം മറുപടി.

സഹികെട്ട് ഒരുദിവസം രാജാവും മന്ത്രിമാരും നെയ്ത്തിന്റെ 'പുരോഗതി'വിലയിരുത്താനായി പണിശാലയിലെത്തി. അവിടെ വസ്ത്രമൊന്നും കാണാനായില്ലെങ്കിലും അങ്ങനെ പരസ്യമായി സമ്മതിക്കാന്‍ രാജാവിന് നാണക്കേട് തോന്നി. കൂടെയുണ്ടായിരു ന്ന മന്ത്രിമാരും സഭാംഗങ്ങളും 'മോശക്കാരാ'വാന്‍ തയ്യാറായി രുന്നില്ല. ആത്മവഞ്ചന നടത്തികൊണ്ടുതന്നെ നെയ്ത്തുകാരുടെ വാദം അവരും പിന്താങ്ങി. അതോടെ കൂടുതല്‍ ഫണ്ട് അനുവദി പ്പിക്കുന്ന കാര്യത്തിലും നെയ്ത്തുകാര്‍ വിജയംകണ്ടു. ആറാട്ടിന് തലേ ദിവസം വസ്ത്രം പൂര്‍ത്തിയാക്കിയാക്കണമെന്ന് അന്ത്യശാസനം നല്‍കിയാണ് രാജാവ് തിരിച്ചുപോയത്.

ആറാട്ടിന് തലേദിവസംതന്നെ വസ്ത്രം പൂര്‍ത്തിയായതായി നെയ്ത്തു കാര്‍ അറിയിച്ചു. രാജാവ്‌ പരിവാരസമേതം പണിശാലയിലെത്തി 'വസ്ത്രം'കണ്ട് ഇളിഭ്യരായി. വിശിഷ്ടമായ എന്തോ സാധനം എടുത്തുകൊടുക്കുന്ന രീതിയില്‍ നെയ്ത്തുകാര്‍ അഭിനയിച്ചു. തെല്ലൊ ന്ന് അമ്പരെന്നെങ്കിലും അമൂല്യനിധി ഏറ്റുവാങ്ങുന്ന ആദരവോടെ രാജാവ് വായുവില്‍നിന്നും ആ 'വസ്ത്രം' ഏറ്റുവാങ്ങി. നെയ്ത്തുകാര്‍ വിട്ടില്ല. അവര്‍ ധൈര്യസമേതം 'വസ്ത്ര'ത്തെ പുകഴ്ത്താന്‍ തുടങ്ങി. ഗതികെട്ട രാജാവിന്റെ മന്ത്രിമാരും പരിവാരവും ഒപ്പംകൂടി. അതോടെ അസാധാരണമായ ഒരു അപേക്ഷ നെയ്ത്തുകാര്‍ രാജാവിന്റെ മുന്നില്‍വെച്ചു. ''പ്രഭോ ഞങ്ങള്‍ ഇത്രയും കഷ്ടപ്പെട്ട് നെയ്ത ഈ വിശിഷ്ടവസ്ത്രം ധരിച്ചുവേണം അങ്ങ് നാളെ ആറാട്ട് ഘോഷയാത്ര നയിക്കാന്‍. അങ്ങയുടെ വസ്ത്രമഹിമ കണ്ട് അയല്‍ രാജാക്കന്‍മാര്‍ അസൂയപ്പെടട്ടെ''.

അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയ രാജാവ് ദയനീയമായി മന്ത്രി മാരുടെ മുഖത്തുനോക്കി. നെയ്ത്തുകാര്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്നാ യി അവരും. പിറ്റേന്ന് സമയത്തുതന്നെ ആറാട്ട് തുടങ്ങി. രാജാ വ് ആബാലവൃന്ദം ജനവും നോക്കിനില്‍ക്കെ ഈ സവിശേഷ വസ്ത്രവും ധരിച്ച് ഉടവാളുമായി ഘോഷയാത്രയ്ക്ക് മുന്നില്‍! പൊന്നു തമ്പുരാനെ തൃക്കണ്‍ പാര്‍ത്ത പ്രജകള്‍ സ്തബദ്ധരായിപ്പോയി. പക്ഷെ ആരുമൊന്നും പറഞ്ഞില്ല. ചിലരാകട്ടെ ചിരിയടക്കാന്‍ പാടുപെട്ടു. മറ്റുചിലര്‍ വസ്ത്രത്തിന്റെ സവിശേഷതകള്‍ വര്‍ണ്ണിച്ച് തങ്ങളുടെ കേമത്തരം മറ്റുള്ളവരെ ബോധ്യപ്പെടുത്തി. കുറേക്കഴി ഞ്ഞപ്പോള്‍ കാര്യങ്ങള്‍ കുഴപ്പമില്ലെന്ന് രാജാവിനും തോന്നി. പക്ഷെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന ഒരു ബാലന് മാത്രം സംഗതിയുടെ ഗൗരവവും 'വസ്ത്ര'ത്തിന്റെ ഗരിമയും പിടികിട്ടിയില്ല. ''അയ്യേ രാജാവിതാ ഉടുതുണിയില്ലാതെ പോകുന്നേ''എന്നവന്‍ വിളിച്ചുകൂവി.

സ്വയംവഞ്ചിച്ചും അന്യരെ കബളിപ്പിച്ചും വിചിത്രമായ ഗ്രഹണ ശേഷി അവകാശപ്പെട്ടും ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം അവന്റെ നേരെ തിരിഞ്ഞു.
"

ഈ കഥയിലെ നെയ്ത്തുകാര്‍ വസ്ത്രം ഉണ്ടാക്കിയപോലെ നാസ ഏതാനും ഫോട്ടോകള്‍ പുറത്തിറക്കിയിട്ട് അതില്‍ ലൂണാര്‍ മോഡ്യൂളിന്റെ ഭാഗമാണുള്ളതെന്നു പറഞ്ഞു. ‘ശാസ്ത്രബോധമുള്ള’വര്‍ക്കേ അതൊക്കെ മനസ്സിലാക്കാനാവൂ എന്നും പ്രഖ്യാപിച്ചു. സ്വാഭാവികമായും ‘ശാസ്ത്രബോധ മുള്ള’ പ്രൊഫ:രവിചന്ദ്രന്‍ അതപ്പടി വിശ്വസിച്ചു. ഫോട്ടോകളില്‍ ലൂണാര്‍ മോഡ്യൂളിന്റെ  ഭാഗങ്ങള്‍ കാണാതെ തന്നെ അതില്‍ ലൂണാര്‍ മൊഡ്യൂ ളിന്റെ ഭാഗങ്ങളുണ്ടെന്നു വിശ്വസിച്ചു! ഈ അന്ധവിശ്വാസത്തിന്റെ അടി സ്ഥാനത്തിലാണു ചിത്രങ്ങള്‍ എനിക്കയച്ചത്. പക്ഷേ, ഒരു കാര്യം വ്യക്തമായി .ഫോട്ടോകളില്‍ ലൂണാര്‍ മോഡ്യൂള്‍ കണ്ടില്ലെങ്കിലും ലൂണാര്‍ മോഡ്യൂളിന്റെ ഫോട്ടോകളാണ് അവയെന്നു വിശ്വസിക്കുന്നത് ‘ആധുനിക ശാസ്ത്രമാണ്’! (പക്ഷേ, ദൈവത്തെ കാണാത്തതുകൊണ്ടു വിശ്വസി ക്കാനാവില്ല എന്നതും ഇവരുടെ തന്നെ ‘ആധുനിക ശാസ്ത്രമാണ്’!! (ലൂണാര്‍ മോഡ്യൂള്‍ ഫോട്ടോകളെപ്പറ്റി നാസ ശാസ്ത്രജ്ഞ Dr.Carle Peters , ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞര്‍ തുടങ്ങിയവരുമായി നടത്തിയ കത്തിടപാടുകളും വിശകലനങ്ങളും ഇവിടെ ഒഴിവാക്കുന്നു.)

    ഈ കത്തിടപാട് വിശദമാക്കാന്‍ കാരണം ചന്ദ്രയാത്രയെക്കുറിച്ചുള്ള പുതിയ പോസ്റ്റാണ്. നാസ ഫോട്ടോ പുറത്തിറക്കിയിട്ട് അതില്‍ ഒരു കറുത്ത പൊട്ടിട്ടശേഷം ഒരു ആരോ വരച്ച് ഇത് ആനയുടെ LRO ഫോട്ടോയാണ് എന്നു പറഞ്ഞാല്‍ ഫോട്ടോയില്‍ ആനയെ കണ്ടില്ലെങ്കിലും ശാസ്ത്രാന്ധ വിശ്വാസികള്‍ “ ദേ,  ആനയുടെ ഫോട്ടോ” എന്ന് ആര്‍ത്തുവിളിക്കും. നഗ്ന നായ രാജാവിന്റെ കാണാവസ്ത്രങ്ങളെ ചൊല്ലി പരിവാരങ്ങള്‍ ആര്‍ത്തുവിളി ച്ചതുപോലെ! ലേഖകന്‍ വിവരിച്ച പുതിയ ചിത്ര വിവരങ്ങള്‍ പരിശോധിക്കാം.

(1) ജപ്പാന്‍ ഏജന്‍സി എടുത്ത ചിത്രങ്ങളെപ്പറ്റിയുള്ള ലേഖകന്റെ ഈ വിവരണം നോക്കൂ:

"അപ്പോളോ യാത്ര സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ആവശ്യമുള്ളവര്‍ക്ക് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ദ്വിതീയസ്രോതസ്സില്‍ നിന്നുള്ള നിരവധി വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. 2008 ല്‍ ജപ്പാന്റെ ഏയ്‌റോ സ്‌പേസ് എകസ്‌പോളോറര്‍ ഏജന്‍സിയുടെ(Japan Aerospace Exploration Agency-JAXA) സെലീന്‍ (SELENE) ലൂണാര്‍ പ്രോബ് അപ്പോളോ യാത്രികര്‍ ചന്ദ്രനില്‍ ഇറങ്ങിയ സ്ഥലങ്ങളുടെ രേഖാചിത്രങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. 2007 സെപ്റ്റമ്പര്‍ 14 നാണ് സെലീന്‍ വിക്ഷേപിക്കപ്പെട്ടത്. 
2008 സെലീന്‍-3 എടുത്ത ചിത്രത്തിന്റെ ത്രിമാന പുനാരവിഷ്‌ക്കാരമാണിത്(3D reconstruction image). സെലീനിലെ ചാന്ദ്രതലം ചിത്രീകരിക്കുന്ന ഉപരിതല ക്യാമറ ഉപയോഗിച്ച് ചന്ദ്രന്റെ ഭ്രമണണപഥത്തില്‍ നിന്നാണ് ഈ ചിത്രം എടുത്തിട്ടുള്ളത്. 10 മീറ്ററായിരുന്നു ഈ ഉപരിതല ക്യാമറയുടെ റെസലൂഷന്‍ (3D terrain camera with a resolution of 10 metres). 
സെലീന്‍ ചന്ദ്രന് 100 കിലോമീറ്റര്‍ ഉയരത്തിലൂടെയാണ് ചന്ദ്രനെ ഭ്രമണം ചെയ്തത്. 2008 മേയില്‍ അപ്പോളോ-15 ലൂണാര്‍ മോഡ്യൂളിന്റെ എന്‍ജിന്‍ പുറപ്പെടുവിച്ച ബഹിര്‍ഗമനങ്ങള്‍ എന്‍ജിന് ചുറ്റുമുള്ള തറയില്‍ ഒരു 'പ്രഭാവവലയം' (halo)സൃഷ്ടിച്ചതും 2008 മേയില്‍ സെലീന്‍ എടുത്ത ചിത്രങ്ങളില്‍ പ്രകടമായിരുന്നു."

ഇനി ചിത്രത്തിലേക്കു നോക്കൂ. “ അപ്പോളോ-15 ലൂണാര്‍മോഡ്യൂളിന്റെ എന്‍ജിന്‍ പുറപ്പെടുവിച്ച ബഹിര്‍ഗമനങ്ങള്‍ എഞ്ചിന് ചുറ്റുമുള്ള തറയില്‍ ഒരു ‘പ്രഭാവലയം’ (halo) സൃഷ്ടിച്ചതും 2008 മേയില്‍ സെലീന്‍ എടുത്ത ചിത്രങ്ങളില്‍ പ്രകടമായിരുന്നു" എന്നാണു ലേഖകന്റെ വാദം. ഈ ചിത്ര ത്തില്‍ അത്തരം വല്ലതും പ്രകടമാണോ?  ഈ ചിത്രത്തില്‍ മാര്‍ക്കു ചെയ്ത ഭാഗത്തു മാത്രമല്ല മറ്റു പലയിടങ്ങളിലും അതേ വലിപ്പത്തിലും അതിലും ചെറുതും വലുതുമായ ‘പ്രഭാവലയ’ങ്ങള്‍ കാണാം . ഇത്തരം അനേകം ‘പ്രഭാവലയ’ങ്ങളില്‍ നിന്നും വ്യത്യ സ്തമായി അപ്പോളോ-15 ലൂണാര്‍ മോഡ്യൂളിന്റെ യാതൊരു ‘പ്രഭാ വലയ’വും  ഈ ചിത്രത്തിലില്ല എന്നതാണു  വസ്തുത. ഇവിടെയും കഥയിലെ രാജാവിനെയും പരിവാരങ്ങളേയും പോലെ ഇല്ലാത്ത “ അപ്പോ ളോ -15 ലൂണാര്‍ മൊഡ്യൂള്‍ പ്രഭാവലയം ” നീണാള്‍ വാഴട്ടെയെന്ന് ലേഖക നും ആര്‍ത്തുവിളിക്കുകയാണ്!

(2) അടുത്ത ചിത്രവിവരണം നോക്കൂ:

" 2009 നാസ വിക്ഷേപിച്ച ലൂണാര്‍ റെക്കണൈസെന്‍സ് ഓര്‍ബിറ്റര്‍ (Lunar Reconnaissance Orbiter) അപ്പോളോ 11,14,15,16,17 എന്നീ വാഹനങ്ങള്‍ ചെന്നിറങ്ങിയ സ്ഥലങ്ങളുടെ (Landing sites)കുറഞ്ഞ റെസല്യൂഷനിലുള്ള ചിത്രങ്ങള്‍ ഉപരിതല ക്യാമറ ഉപയോഗിച്ചെടുത്തിരുന്നു. ചെന്നിറങ്ങിയ സ്ഥത്തുനിന്നും ചാന്ദ്ര സഞ്ചാരികള്‍ പരീക്ഷണങ്ങള്‍ നടത്താനായി തങ്ങളുടെ ഉപകരണങ്ങള്‍ (equipment) നിരക്കി വലിച്ചുകൊണ്ടുപോയതിന്റെ പാടും ചന്ദ്രോപരിതലത്തില്‍ കാണപ്പെടുന്നുണ്ട്. ഓര്‍ബിറ്ററുടെ ഭ്രമണകോണ്‍, സൂര്യന്റെ നില, നിഴലുകള്‍ എന്നിവ മൂലം ലഭ്യമായ ചിത്രങ്ങള്‍ക്ക് പൂര്‍ണ്ണവ്യക്തതയില്ല. ഓര്‍ബിറ്റര്‍ അതിന്റെ ശരിയായ ഭ്രമണപഥത്തിലേക്ക് നീങ്ങുന്നതോടെ കുറേക്കൂടി മിഴിവുള്ള ചിത്രങ്ങള്‍ ലഭ്യമാകുമെന്നാണ് നാസയുടെ വാഗ്ദാനം."

വിവരണവും ചിത്രവും താരതമ്യപ്പെടുത്തുക.  ഏതെങ്കിലും തരത്തിലുള്ള “ ഉപകരണങ്ങള്‍ ( equipment )നിരക്കിവലിച്ചുകൊണ്ടു പോയ തിന്റെ പാട്” ഈ ചിത്രത്തിലില്ല. ചിത്രത്തിന്റെ അടിക്കുറിപ്പില്‍ “path created footsteps and dragging of equipments”എന്നു കാണാം. ആര്‍ക്കെങ്കിലും ചെരുപ്പടയാളങ്ങള്‍ കാണാനാവുന്നുണ്ടോ ? ഇതൊന്നും കാണാനാവുന്നില്ലെങ്കിലും ഈ ചിത്രത്തിലെ പാടുകള്‍ “ചാന്ദ്രസഞ്ചാരികള്‍ പരീക്ഷണങ്ങള്‍ നടത്താനായി തങ്ങളുടെ ഉപകരണങ്ങള്‍ നിരക്കി വലിച്ചുകൊണ്ടുപോയ പാടും” അവരുടെ കാലടി പ്പാടുകളുമാണീ കാണുന്നതെന്ന് കഥയിലെ രാജാവിനെയും പരിവാരങ്ങ ളെയും പോലെ നിങ്ങളും വിശ്വസിക്കണമെന്നാണ് ‘ ആധുനിക ശാസ്ത്ര ബോധ’മുള്ളവര്‍ ഉല്‍ബോധിപ്പിക്കുന്നത്! മാത്രമല്ല ഇതു കാണാത്തതിനു കാരണങ്ങളുമുണ്ട്.    “ഓര്‍ബിറ്റുകളുടെ ഭ്രമണകോണ്‍, സൂര്യന്റെ നില, നിഴലുകള്‍ എന്നിവ മൂലമാണ്” “ ലഭ്യമായ ചിത്രങ്ങള്‍ക്ക്” “ പൂര്‍ണ്ണ വ്യക്ത തയില്ലാതായ"തെത്രേ! പൂര്‍ണ്ണ വ്യക്തതയില്ലെങ്കിലും “അപൂര്‍ണ വ്യക്തത ” യെങ്കിലും ഈ ചിത്രത്തിനുണ്ടോ ?  കഥയിലെ വാദം പോലെ “ ഉന്നത ബുദ്ധിയും വിവേകവും ഉള്ളവര്‍ക്ക് മാത്രമേ” അതൊക്കെ കാണാനാവൂ എന്നര്‍ത്ഥം!!
  
ഫോട്ടോകളുടെ കാര്യം നില്‍ക്കട്ടെ. ലേഖകന്റെ മുന്‍പോസ്റ്റുകളിലെ ചില വാദങ്ങള്‍ നോക്കാം:

(3) ശ്രീ. സുദേഷ് (പച്ചക്കുതിര മാസിക) ഉന്നയിച്ച പ്രധാന സംശയങ്ങളിലൊന്ന് ഇതായിരുന്നു:

" ചന്ദ്രജലം സംബന്ധിച്ച വിവാദങ്ങളിലേക്കു കടക്കും മുന്‍പ് ലേഖകനോട് വളരെ പ്രധാനപ്പെട്ട ഒരു സംശയം ഉന്നയിക്കട്ടെ:"1969-72 കാലയളവില്‍ ചന്ദ്രനില്‍ ആറ് (അപ്പോളോ  11 മുതല്‍ 17 വരെയുള്ള)  വാഹനങ്ങളിലായി 12 പേര്‍ ചന്ദ്രനിലിറങ്ങുകയും 18 പേര്‍ ചന്ദ്രനെ പ്രദക്ഷിണം വയ്ക്കുകയും ചെയ്തിട്ടുണ്ട്" എന്ന് ലേഖകന്‍ എഴുതിയല്ലോ. വെറും മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ചന്ദ്രനില്‍ പോയി ഇത്രയേറെ ധീരകൃത്യങ്ങള്‍ നടത്തിയ അമേരിക്ക അതിനുശേഷം മുപ്പത്തെട്ടു വര്‍ഷങ്ങള്‍ക്കിടെ എന്തുകൊണ്ട് ഒരിക്കല്‍പ്പോലും ചന്ദ്രയാത്ര നടത്തിയില്ല? ഈ സംശയത്തിന് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ ഇന്നോളം നാസക്കു കഴിഞ്ഞിട്ടുണ്ടോ? നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ (1969-72) ആറു പ്രാവശ്യം ചന്ദ്രനില്‍ പോയി സുരക്ഷിതരായി മ‌ടങ്ങിയെത്താമെങ്കില്‍ ഇന്നത്തെ ശാസ്ത്ര-സാങ്കേതിക നിലവാരത്തില്‍ ചന്ദ്രനിലേക്ക് ഷട്ടില്‍ സര്‍വീസ് തന്നെ തുടങ്ങേണ്ടതായിരുന്നില്ലേ?"   

സംശയം തികച്ചും ന്യായം .ശാസ്ത്ര - സാങ്കേതിക വിദ്യാ പുരോഗതി മുന്നോ ട്ടാണ്. 1969 -71 കാലഘട്ടത്തില്‍  ആറു പ്രാവശ്യം ചന്ദ്രനിലേക്കു ഷട്ടില്‍ യാത്ര നടത്തിയതിനു സഹായകമായ സാങ്കേതിക വിദ്യയും സജ്ജീകര ണങ്ങളും 1971 ലെ ആറാം യാത്രയില്‍ അമേരിക്ക ചന്ദ്രനിലുപേക്ഷിച്ചെന്ന് നാസ പോലും അവകാശപ്പെട്ടിട്ടില്ല. അവയെല്ലാം നാസയില്‍ സുരക്ഷിത മാണെന്നാണു കരുതേണ്ടത്. നാല്‍പ്പതു വര്‍ഷങ്ങളുടെ അതിശീഘ്ര പുരോഗതി വേറെയും! എന്നിട്ടും ഇതുവരെയും അത്തരമൊരു ദൌത്യം വീണ്ടും നടത്താതിരുന്നത് എന്തുകൊണ്ടെന്ന സംശയം സ്വാഭാവികം. ഇതിനുള്ള വിശദീകരണം നോക്കൂ :

" 1972-92 കാലഘട്ടത്തില്‍ ആരും ചാന്ദ്രയാത്രയില്‍ സംശയം പ്രകടിപ്പിച്ചിരുന്നില്ല. ചന്ദ്രനിലേക്ക് വീണ്ടും പോകാത്തതെന്തേ?-എന്നാരും ചോദിച്ചിട്ടുമില്ല. ആ തലമുറയില്‍ അങ്ങനെയൊരു ചോദ്യമുയരാനുള്ള സാധ്യത കുറവായിരുന്നു. പക്ഷെ അതല്ല ഇന്ന് നമ്മുടെ കാര്യം. നമുക്കത് ഒന്നുകൂടി ഡിജിറ്റല്‍ സാങ്കേതികതയില്‍ കണ്ടാല്‍ കൊള്ളാമെന്നുണ്ട്. ഭൂമിയില്‍ പിടിമുറുക്കാന്‍ ചന്ദ്രനില്‍ പോയിട്ട് കാര്യമില്ലെന്നും അമേരിക്ക മനസ്സിലാക്കി. ചാന്ദ്രയാത്ര പ്രയോജനരഹിതമായ ധൂര്‍ത്താണെന്നതും ആ രംഗത്ത് മറ്റ് എതിരാളികളില്ലെന്നതും ബൂസ്റ്റര്‍ റോക്കറ്റുകള്‍ പെട്ടിയില്‍ വെക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ച കാരണങ്ങളാണ്. റോക്കറ്റും വിമാനവും ഗ്‌ളൈഡറുമെല്ലാം ഏകോപിപ്പിക്കപ്പെടുന്ന വാഹനമാണ് സ്‌പേസ് ഷട്ടിലുകള്‍. സ്വാഭാവികമായും സാങ്കേതികവിദ്യയില്‍ വ്യതിയാനമുണ്ടായി(shift in technology). പഴയത് മാറ്റിവെക്കപ്പെട്ടു. 56.1 മീറ്റര്‍ ഉയരമുള്ള സ്‌പേസ് ഷട്ടിലിന്റെ പേലോഡ് ശേഷി വെറും 24300 കിലോഗ്രാം മാത്രമാണ്. ഭൗമഭ്രമണപഥത്തിലെത്തി ഭൂമിയെ വലംവെയ്ക്കാനായി ആസൂത്രണം ചെയ്യപ്പെട്ടവയാണവ. അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ എന്തെങ്കിലും അത്യാവശ്യസാഹചര്യമുണ്ടായാല്‍ ആഴ്ചകള്‍ക്കുള്ളില്‍ സഹായമെത്തിക്കാന്‍ സ്‌പേസ് ഷട്ടിലുകള്‍ക്കാവും. ഇതിനൊക്കെ വേണ്ടി മറ്റുപല മേഖലകളിലും ഒത്തുതീര്‍പ്പ് (compromise) അത്യാവശ്യമാണ്. ഭൗമഭ്രമണപഥം തന്നെയാണ് അമേരിക്ക വര്‍ഷങ്ങളായി ശ്രദ്ധിച്ചുവരുന്നത്. അതിന് വ്യാവസായികവും സൈനികവും തന്ത്രപരവുമായ പ്രാധ്യാന്യമുണ്ട്."

ലേഖകന്റെ ഒന്നാമത്തെ വാക്യം തന്നെ വിവരക്കേടാണ്. “ 1972 - 92 കാലഘട്ടത്തില്‍ ആരും ചാന്ദ്രയാത്രയില്‍ സംശയം പ്രകടിപ്പിച്ചിരുന്നില്ല" എന്ന പ്രസ്താവം ചന്ദ്രയാത്രാ വിവാദങ്ങളെപ്പറ്റി സാമാന്യ വിവരമെങ്കിലുമുള്ള ആരും എഴുതാനിടയില്ല. ചന്ദ്രയാത്രക്കു വേണ്ട സാറ്റേണ്‍ റോക്കറ്റ്  നിര്‍മ്മിച്ച റോക്കറ്റ്ഡൈന്‍ എന്ന കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന ബില്‍ കൈസിങ് അപ്പോളോ ലാന്റിങ് വ്യാജമാണെന്നു സമര്‍ത്ഥിച്ച് WE NEVER WENT TO THE MOON എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് 1974 ലാണ്.ആരും ചന്ദ്രയാത്രയില്‍ സംശയം പ്രകടിപ്പി ച്ചിരുന്നില്ല “ എന്നു ലേഖകന്‍ വിശേഷിപ്പിച്ച കാലത്തു തന്നെ (1972 -92)  ചാന്ദ്രയാത്ര കെട്ടുകഥയാണെന്നു സമര്‍ത്ഥിക്കുന്ന കൃതി, ചന്ദ്രയാത്രക്കു വേണ്ട റോക്കറ്റ് നിര്‍മ്മിച്ച കമ്പനിയിലെ ഉദ്യോഗസ്ഥന്‍ തന്നെ പുറത്തിറക്കിയെന്നത് അത്ര നിസ്സാര കാര്യമല്ലെന്നു വ്യക്തം.
  
(4) ഈ കൃതിയെഴുതിയവരോ (കൈസിങ്ങിന്റെ co-author Randy Reid) അവ വായിച്ചു വിശ്വസിച്ചവരോ മാത്രമല്ല നാസയുടെ അവകാശ വാദങ്ങളെ സംശയിച്ചത്. അക്കാലത്ത് നിരവധി അമേരിക്കക്കാര്‍ സംശയത്തോടെയാണ് ഈ വാദങ്ങളെ കണ്ടത് . ചന്ദ്രനിലിറങ്ങി യെന്ന  അവകാശവാദം പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ തന്നെ സംശ യങ്ങള്‍ ഉയരുകയും ശേഷ മുള്ള മുപ്പതു വര്‍ഷങ്ങള്‍ അതു നിലനി ല്‍ക്കുകയും ചെയ്തു എന്നാണ് കോണ്‍സ്പിറസി തിയറികളുടെ ചരിത്രമെഴു തിയ നൈറ്റ് എഴുതുന്നത്. നാസയുടെ അവകാശവാദ പ്രഖ്യാപനം ഉണ്ടാ യതു മുതല്‍ തുടര്‍ന്നുള്ള മൂന്നു ദശകങ്ങള്‍ നിലനിന്ന ( 1969 - 1999) സംശയങ്ങളെപ്പറ്റിയാണ് പ്രൊഫ: രവിചന്ദ്രന്‍ “1972 -92 കാലഘട്ട ത്തില്‍ ആരും ചന്ദ്രയാത്രയില്‍ സംശയം പ്രകടിപ്പിച്ചിരുന്നില്ല” എന്നെഴുതിയ തെന്നത് ആരെയാണ് അല്‍ഭുതപ്പെടുത്താത്തത്? നാസയുടെ അവകാശ വാദങ്ങള്‍ ന്യായീകരിക്കാന്‍ കച്ചകെട്ടിയിറങ്ങുന്ന ശാസ്ത്രാന്ധവിശ്വാസി കള്‍ക്ക് അമേരിക്കയില്‍ എന്തു സംഭവിച്ചു എന്നതിനെപ്പറ്റി പ്രാഥമിക വിവരം പോലും ഇല്ലെന്നോ? എങ്കില്‍ നാസയുടെ പ്രതിഛായ തകരാന്‍ ഇത്തരം പ്രണേതാക്കള്‍ തന്നെ മതിയാകും!  വിമര്‍ശകരുടെ ആവശ്യമെന്തിരിക്കുന്നു !! ഇത്തരം പ്രാഥമിക കാര്യങ്ങള്‍ പോലും ഗ്രഹിക്കാതെ നാസയെ ന്യായീ കരിക്കാനിറങ്ങുന്ന ഇവരുടെ വിശ്വാസ്യതയാണ് ഇതിലൂടെ ചോര്‍ന്നുപോവു ന്നത്. എന്നിട്ടും ഇവരൊന്നും അതൊന്നും അറിയുന്നു പോലുമില്ല.

    CONSPIRACY THEORIES IN AMERICAN HISTORY എഴുതിയ പീറ്റര്‍ നൈറ്റ് പ്രസക്തമായ മറ്റു വിവരങ്ങള്‍ കൂടി നല്‍കുന്നു. നാസ ഇങ്ങനെയൊരു അവകാശവാദമുന്നയിച്ചപ്പോള്‍ത്തന്നെ അമേരി ക്കന്‍ ജനതയില്‍ വലിയൊരു വിഭാഗം ഇതിനെ സംശയിച്ചതിന്റെ കാരണ ങ്ങള്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.  സംശയിച്ചവരുടെ എണ്ണമോ ?  അമേരിക്കന്‍ പത്രം 1970 ജൂലൈയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പു പ്രകാരം 30 ശതമാനം പേര്‍ നാസയുടെ ചാന്ദ്രയാത്ര യില്‍ സംശയം പ്രകടിപ്പിച്ചുവെത്രേ! (മേല്‍കൃതി,  പേജ് 500) അവകാശവാദങ്ങള്‍ വന്നയുടനെ തന്നെ മുപ്പതു ശതമാനം( sampling) അമേരിക്കക്കാര്‍ സംശയം പ്രകടിപ്പിച്ചെങ്കിലും ഇങ്ങു കേരളക്കരയിലിരുന്നു നാസയെ സേവിക്കുന്ന ലേഖകന്‍ എഴുതിയതെന്താണ് ? “ 1972- 92 കാലഘട്ടത്തില്‍ ആരും ചന്ദ്രയാത്രയില്‍ സംശയം പ്രകടിപ്പിച്ചിരുന്നില്ലെ ”ന്ന്. അമേരിക്കന്‍ ഗ്രന്ഥകാരനായ പീറ്റര്‍ നൈറ്റ് മുപ്പതു ശതമാനം സംശയം പ്രകടിപ്പിച്ചതായി സൂചിപ്പിക്കുമ്പോള്‍ നാസയുടെ വക്താവ് “ആരും ” സംശയം പ്രകടിപ്പിച്ചിരുന്നില്ലെന്ന് എഴുതുന്നു! രാജാവിനേക്കാള്‍ വലിയ രാജഭക്തിയെന്നു കേട്ടിട്ടേയുള്ളു. അതൊക്കെ ഇത്രക്കു കലശലായുണ്ടാകു മെന്നു് ഇപ്പോളാണു മനസ്സിലായത്.
  
(5) പീറ്റര്‍ നൈറ്റ് ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ ശ്രദ്ധേയമാണ്. വിയറ്റ്നാം യുദ്ധത്തെത്തുടര്‍ന്ന് അമേരിക്കന്‍ രാഷ്ട്രീയ നേതാക്കളിലുള്ള വിശ്വാസം വലിയ തോതില്‍ തകര്‍ന്നിരുന്നു. ദിനേനയെന്നോണം നുണകള്‍ തട്ടി വിടാന്‍ മടിയില്ലാത്തവരാണ് ( ഇതേ നുണകളില്‍ ഇന്നും അഭിരമിക്കുന്ന വരാണ് 'കേരള ഡോക്കിന്‍സു'മാര്‍!) അമേരിക്കന്‍ നേതാക്കളെന്ന് അക്കാ ലത്ത് അവിടുത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കു ബോധ്യമായിരുന്നു. വിയറ്റ്നാം യുദ്ധത്തെക്കുറിച്ച് അനേകം കടുത്ത  നുണകള്‍ പറയാന്‍ മടിക്കാത്ത നേതാക്കളും അവരെ സേവിക്കുന്ന ശാസ്ത്ര ജ്ഞരും ചന്ദ്രനിലിറങ്ങി എന്നവകാശപ്പെട്ടാല്‍ യുക്തിബോധം അല്പമെങ്കിലുമുള്ളവര്‍ സംശയിക്കാതിരിക്കുമോ?( ഇതു രണ്ടുമില്ലെ ങ്കിലും ഉണ്ടെന്നു മേനി നടിക്കുന്നവര്‍ക്ക് സംശയം ഒട്ടുമേ ഉണ്ടാകില്ലെന്നതും സ്വാഭാവികം!)
  
വിയറ്റ്നാം യുദ്ധത്തിലെന്നല്ല , അമേരിക്ക ഇന്നോളം നടത്തിയ നൂറുകണ ക്കിനു യുദ്ധങ്ങളിലും അട്ടിമറികളും നുണകളേ അവര്‍ പറഞ്ഞിട്ടുള്ളു എന്നു തെളിഞ്ഞ കാര്യമാണ്. അവരുടെ തന്നെ declassified   രഹസ്യ രേഖകള്‍ ഇക്കാര്യം സംശയത്തിനിടയില്ലാത്ത വിധം തെളിയിക്കുന്നുണ്ട്. രാഷ്ട്രീയത്തില്‍ സ്ഥിരമായി നുണകള്‍ പറയുന്നവര്‍ രാഷ്ട്രീയത്തില്‍ മാത്രമേ നുണ പറയൂ എന്നു കരുതാനാവില്ല. മനുഷ്യനെക്കുറിച്ചുള്ള എല്ലാ ബിഹേവിയറല്‍ - മന:ശാസ്ത്ര പഠനങ്ങളും തെളിയിക്കുന്നത് അത്തരക്കാര്‍ എല്ലാ മേഖലയിലും കളവു പറയാന്‍ സാധ്യത കൂടുതലുണ്ടെന്നാണ്.

(6)  ശൂന്യാകാശം കീഴടക്കാന്‍ റഷ്യയുമായി മത്സരിച്ച അമേരിക്ക എതിരാളിയെ മലര്‍ത്തിയടിക്കാന്‍ ശൂന്യാകാശ യുദ്ധത്തില്‍ കളവു പറഞ്ഞു എന്നു കരുതുന്നതു തികച്ചും യുക്തിപരവും  ‘ശാസ്ത്രീയ’വുമാണ് . ഇത്തരം കാര്യങ്ങളെപ്പറ്റി ‘ചുക്കും ചുണ്ണാമ്പു’ പോലും അറിയാത്ത യുക്തി - നിരീശ്വര വാദ ബുദ്ധിജീവികള്‍ക്ക് ഇതൊക്കെ എങ്ങനെ മനസ്സിലാവാനാണ്?

ലേഖകന്റെ മേല്‍ വാക്യങ്ങളില്‍ സംശയത്തിനുള്ള വിശദീകരണമുണ്ടോ? ശാസ്ത്രീയവും യുക്തിസഹവുമായ യാതൊരു വിശദീകരണവും നല്‍കിയിട്ടില്ലെന്നു മാത്രമല്ല ,അബദ്ധജടിലമായ ധാരണകള്‍ നിരത്തി നാസയുടെ അവകാശവാദങ്ങളെ വെള്ളപൂശാനുള്ള വിഫല ശ്രമം നടത്തുകയും ചെയ്തിരിക്കുന്നു. “ നമുക്കത് ഒന്നുകൂടി ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ കണ്ടാല്‍കൊള്ളാമെന്നുണ്ടെ”ന്നതുകൊണ്ടാണ് “ചന്ദ്രനിലേക്ക് വീണ്ടും  പോകാത്തതെന്തേ ?"  എന്നു ചോദിക്കുന്നതെന്നാണു ലേഖകന്റെ ധാരണ. ചോദ്യത്തിന്റെ വിവക്ഷ പോലും ഗ്രാഹ്യമായിട്ടില്ലെന്നര്‍ത്ഥം!

(7)  സാങ്കേതിക വിദ്യയുടെ പുരോഗതി മുന്നോട്ടാണ്. നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ആറു പ്രാവശ്യം ചന്ദ്രനില്‍ പോയി വന്നു എന്നവകാശപ്പെടുന്ന ഒരു രാജ്യം തുടര്‍ന്നുള്ള നാല്‍പ്പതു വര്‍ഷങ്ങള്‍ക്കിടയില്‍ അതിന് ഒരിക്കല്‍പ്പോലും വീണ്ടും ശ്രമിച്ചില്ല എന്നത് അസാധാരണമായ പ്രതിഭാസമാണ്. ഒരാള്‍ വിമാനം നിര്‍മ്മിച്ച് ആറു പ്രാവശ്യം ഭൂഖണ്ഡാന്തരയാത്ര നടത്തി തിരിച്ചു വന്നു എന്നു സങ്കല്‍പ്പിക്കുക. ആ വിമാനം അയാള്‍ പിന്നീട് ഉപയോഗിച്ചില്ലെന്നതു മനസ്സിലാക്കാം. എന്നാല്‍ പിന്നീട് മറ്റാരും ആ വിമാനം ഉപയോഗിക്കുകയോ ഭൂഖണ്ഡാന്തര യാത്ര നടത്തുകയോ ചെയ്തില്ലെങ്കില്‍ പില്‍ക്കാലത്ത് സമാന്യബോധമെങ്കിലും ഉള്ളവര്‍ക്ക് എന്തു തോന്നും? സ്വാഭാവികമായും അയാളുടെ അവകാശ വാദങ്ങളില്‍ സംശയം ഉയരും . അയാളെപ്പോലെ ധൈര്യമുള്ളവര്‍ പിന്നീടുണ്ടായില്ലെന്നോ അയാള്‍ക്കുണ്ടായ വൈമാനികാവേശം പിന്നീടുള്ള വര്‍ക്കുണ്ടായില്ലെന്നോ അയാളുടെ യാത്ര ധൂര്‍ത്തായിരുന്നെന്നോ അയാളു മായി മത്സരിക്കാന്‍ മറ്റാരുമുണ്ടായില്ലെന്നോ അയാള്‍ യാത്രക്കുശേഷം ആ വിമാനം “ പെട്ടിയില്‍ വെച്ചിരി ”ക്കുകയാണെന്നോ പറഞ്ഞാല്‍ ഈ സംശ യത്തിനുള്ള വിശദീകരണമാവുമോ? ലേഖകന്‍ ചെയ്യുന്നതും മറ്റൊന്നല്ല. ഈ വാക്യങ്ങള്‍ നോക്കൂ :

"ഭൂമിയില്‍ പിടിമുറുക്കാന്‍ ചന്ദ്രനില്‍ പോയിട്ട് കാര്യമില്ലെന്നും അമേരിക്ക മനസ്സിലാക്കി. ചാന്ദ്രയാത്ര പ്രയോജനരഹിതമായ ധൂര്‍ത്താണെന്നതും ആ രംഗത്ത് മറ്റ് എതിരാളികളില്ലെന്നതും ബൂസ്റ്റര്‍ റോക്കറ്റുകള്‍ പെട്ടിയില്‍ വെക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ച കാരണങ്ങളാണ്."

ഭൂമിയില്‍ പിടി മുറുക്കാന്‍ ചന്ദ്രനില്‍ പോയിട്ട് കാര്യമില്ലെന്നും അമേരിക്ക മനസ്സിലാക്കി” എന്ന ലേഖകന്റെ നിരീക്ഷണം തീര്‍ത്തും ശരിയാണ്. എപ്പോള്‍ മനസ്സിലാക്കി എന്നതിലേ തര്‍ക്കമുണ്ടാകാനിടയുള്ളു. ചന്ദ്രനില്‍ 'പോയ' ശേഷമാണോ അതോ അതിനു മുന്‍പാണോ ഇതു മനസ്സിലാക്കിയത് ? ചന്ദ്രനില്‍ പോയി എന്നു പറയപ്പെടുന്ന 1969 നു മുന്‍പു തന്നെ ഇക്കാര്യം സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാ വുന്നതാണ്. അമേരിക്കന്‍ നേതാക്കള്‍ക്കും അതറിയാമായിരുന്നു. അതുകൊ ണ്ടാണ് യാഥാര്‍ത്ഥത്തില്‍ ചന്ദ്രനില്‍ പോകാതെ ചന്ദ്രനില്‍ പോയി എന്നു വമ്പു പറയാന്‍ മാത്രം അവര്‍  ചാന്ദ്രയാത്രാ നാടകം സംഘ ടിപ്പിച്ചത്. ഭൂമിയില്‍ പിടിമുറുക്കാന്‍ ചന്ദ്രനിലല്ല സ്പേസിലാണ് (low earth orbit) പോകേണ്ടത്. ചന്ദ്രനില്‍ ഇറങ്ങി എന്ന് 1969 ലേ വമ്പു പറ ഞ്ഞെങ്കിലും നാല്‍പ്പത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷവും  ചന്ദ്രനില്‍ പോകാ തെ  സ്പേസില്‍ മാത്രം പോയി സ്പേസ് ഷട്ടില്‍ വാഹനങ്ങള്‍ തിരിച്ചു വരുന്ന ത് അതുകൊണ്ടാണ്.

(8)  ചന്ദ്രനില്‍ ആറു പ്രാവശ്യം പോയതിനു ശേഷമാണ്  “ ഭൂമിയില്‍ പിടി മുറുക്കാന്‍ ചന്ദ്രനില്‍ പോയിട്ട് കാര്യമില്ലെ”ന്ന് അമേരിക്കക്കു മനസ്സിലാ യതെന്നു കരുതുന്നതില്‍ വല്ല യുക്തിയുമുണ്ടോ ? യാതൊരു യുക്തിയുമില്ല. പൊട്ടാസ്യം സയനൈഡ്  കഴിച്ചുനോക്കിയാലേ, സയനൈഡ്  കഴിച്ചാല്‍ ഒരാള്‍ മരിക്കുമെന്നറിയാന്‍ പററൂ എന്നു പറയുന്നപോലെ ബാലിശമാണിത്. ലേഖകന്റെ മേല്‍ വാക്യങ്ങളെല്ലാം 1972 നു ശേഷം എന്തുകൊണ്ട് അമേ രിക്ക വീണ്ടും ചന്ദ്രനില്‍ പോയില്ല എന്ന സംശയത്തിനുള്ള വിശദീകരണ മല്ലെന്നു മനസ്സിലാക്കാന്‍ ഒരൊറ്റക്കാര്യം ശ്രദ്ധിച്ചാല്‍ മതി . ലേഖകന്റെ ഈ വാക്കുകള്‍ നോക്കൂ:

"2020 ല്‍ വീണ്ടും ചാന്ദ്രയാത്ര നടത്താനുള്ള നാസയുടെ ശ്രമങ്ങള്‍ക്ക് സാമ്പത്തികഞെരുക്കം മൂലം ഒബാമ സര്‍ക്കാര്‍ തടയിട്ടിരിക്കുകയാണ്. തട്ടിപ്പ് സിദ്ധാന്തക്കാര്‍ അഥവാ ഹോക്‌സര്‍മാരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം ബില്യണ്‍ കണക്കിന് ഡോളറും സമയവും ഊര്‍ജ്ജവും മെനക്കെടുത്തി വീണ്ടും ചാന്ദ്രശിലകള്‍ ശേഖരിക്കാന്‍ പോകുന്നത് അത്ര ഉത്സാഹത്തോടെയല്ല അമേരിക്കന്‍ ഭരണകൂടത്തിലെ ഒരുവിഭാഗം കാണുന്നത്. സാമ്പത്തികമാന്ദ്യം കൂനിന്‍മേല്‍ കുരുവായി വന്നെത്തുകയും ചെയ്തു. എങ്കിലും സാമ്പത്തികമാന്ദ്യം തീരുന്ന മുറയ്ക്ക് മൂണ്‍മിഷന്‍ പുരാരംഭിക്കാമെന്ന ഉറപ്പ്‌ നാസയ്ക്ക് ലഭിച്ചിട്ടുള്ളതിനാല്‍ അമേരിക്ക ഇനിയും ചന്ദ്രനില്‍ പോകുമെന്നുതന്നെ കരുതാം"

ഭൂമിയില്‍ പിടിമുറുക്കാന്‍ ചന്ദ്രനില്‍ പോയിട്ട് കാര്യമില്ലെന്ന് അമേരിക്ക മനസ്സിലാക്കി ”എന്നതുകൊണ്ടാണ് 1972 നു ശേഷം വീണ്ടും പോകാതി രുന്നത് എന്നായിരുന്നല്ലോ ലേഖകന്റെ വാദം. എങ്കില്‍ 2020 ല്‍ “ വീണ്ടും ചന്ദ്രയാത്ര ” നടത്തേണ്ട കാര്യമെന്താണ് ? ഭൂമിയില്‍ പിടിമുറുക്കാന്‍ ചന്ദ്ര നില്‍ പോയിട്ടു കാര്യമുണ്ടെന്ന് ഇപ്പോള്‍ മനസ്സിലാക്കിയതുകൊണ്ടാണോ ? തുടര്‍ന്ന് ലേഖകന്‍ എഴുതിയതു നോക്കൂ :

" ബഹിരാകാശരംഗത്ത് പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലെ ഔദ്യോഗിക ഏജന്‍സികളൊന്നും ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നില്ലെന്ന് മാത്രമല്ല ഇന്ത്യയുള്‍പ്പെടുള്ള നവാഗതര്‍ നാസയുമായി നിരന്തരം സഹകരിച്ചുകൊണ്ടാണ് 'ചന്ദ്രയാന്‍'പോലുള്ള പദ്ധതികള്‍ നടപ്പിലാക്കിയത്.2017 ല്‍ ആദ്യ ഏഷ്യാക്കാരനെ ചന്ദ്രനിലെത്തിക്കാനുള്ള ശ്രമവുമായി ചൈന മുന്നോട്ടുപോവുകയാണ്. ഒരുപക്ഷെ അമേരിക്ക എത്തിച്ചതിലധികം മനുഷ്യരെ ചന്ദ്രനിലെത്താക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞേക്കും. ആ മാതൃകയിലാണ് അവര്‍ തുടര്‍ വിക്ഷേപണശൃംഖല സംവിധാനം ചെയ്തിരിക്കുന്നത്. എന്തായാലും ഇക്കാര്യത്തില്‍ ചൈനയുടെ തുടക്കം വളരെ നിര്‍ണ്ണായകമാണ്."

“ഭൂമിയില്‍ പിടിമുറുക്കാന്‍ ചന്ദ്രനില്‍ പോയിട്ട് കാര്യമില്ലെന്നും അമേരിക്ക മനസ്സിലാക്കി ”യെങ്കില്‍ ചൈനക്ക് അക്കാര്യം മനസ്സി ലാകാത്തതു കൊണ്ടാണോ 2017 ല്‍ ചന്ദ്രനിലിറങ്ങാന്‍ അവര്‍ കടുത്ത ശ്രമങ്ങള്‍ തുടങ്ങിയത് ? ലേഖകന്റെ വാദങ്ങള്‍ എവിടെ യും പാകമാകുന്നില്ലല്ലോ?!

(9)     നാസ വീണ്ടും ചന്ദ്രയാത്ര നടത്തുന്നതിനു പുതിയൊരു കാരണം ലേഖകന്‍ കണ്ടെത്തിയിട്ടുണ്ട്. “തട്ടിപ്പ് സിദ്ധാന്തക്കാരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്ര"മാണെത്രേ ഇത്! നാസ പോലും അവകാശപ്പെടാത്ത ഈ കാരണം ഇന്ത്യന്‍ ബഹിരാകാശ സ്ഥാപനമായ  ISRO (തുമ്പ)ക്ക് അടുത്തിരുന്ന് ലേഖകന്‍ മെനഞ്ഞെടുത്തത് ചിരിക്കു വക നല്‍കുന്നുണ്ട്!!  എന്തുകൊണ്ട് 1972 നു ശേഷം വീണ്ടും പോയില്ല എന്നു ചോദിക്കുന്നവരെ തൃപ്തിപ്പെടുത്താനാണ്  2020ല്‍ വീണ്ടും ചന്ദ്രനിലി റങ്ങാന്‍ നാസ തീരുമാനിച്ചതെങ്കില്‍ 2017 ല്‍ ചന്ദ്രനിലിറങ്ങാന്‍ ചൈന ശ്രമിക്കുന്നത് എന്തിനാണ് ?  അവര്‍ക്ക് ആരെയും തൃപ്തിപ്പെടുത്താ നില്ലല്ലോ?! അതിരിക്കട്ടെ,
ഇന്ത്യയുടെ ശ്രമങ്ങളെപ്പറ്റി ലേഖകന്‍ കുറിക്കുന്നു :

"2030 ആകുമ്പോഴേക്കും ചന്ദ്രനില്‍ ആളെ എത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ആദ്യം സ്വന്തംനിലയില്‍ ബഹിരാകാശത്ത് ഒരു മനുഷ്യനെ എത്തിച്ച ശേഷമേ നമുക്കതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കാനാവൂ."

“ഭൂമിയില്‍  പിടി  മുറുക്കാന്‍ ചന്ദ്രനില്‍ പോയിട്ടു കാര്യമില്ലെന്നും അമേരിക്ക മനസ്സിലാക്കി ” യതു പോലെ ഇന്ത്യ മനസ്സിലാക്കിയിട്ടില്പെന്നാണോ ലേഖക ന്റെ വാദം ? നാസ ഇനിയും പോകാനൊരുങ്ങുന്നത് “ തട്ടിപ്പ് സിദ്ധാന്ത ക്കാരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്ര"മാണെങ്കില്‍ ഇന്ത്യ പോകുന്നത് ആരെ തൃപ്തിപ്പെടുത്താനാണ്?
 Saturday, July 16, 2011

ചന്ദ്രനിലെ ജലവും സംശയങ്ങളും-രവിചന്ദ്രനു മറുപടി

ചാന്ദ്രയാത്ര എന്ന ഈ ബ്ലോഗ് എഴുതിത്തുടങ്ങാന്‍ സമയം ഇല്ലായിരുന്നു. എന്നാല്‍ പ്രൊഫ രവിചന്ദ്രന്‍ തന്റെ ബ്ലോഗില്‍ ഈ വിഷയം കൈകാര്യം ചെയ്തു തുടങ്ങിയപ്പോള്‍ എന്റെ ബ്ലോഗും ആരംഭിക്കാമെന്നു കരുതി. ശ്രീ രവിചന്ദ്രന്റെ പച്ചക്കുതിര ലേഖനത്തിന് ആ മാസികയില്‍ത്തന്നെ വന്ന ശ്രീ സുദേഷ് എം ആര്‍ എന്ന വ്യക്തിയുടെ മറുപടിയാണ് സമയക്കുറവുമൂലം ഇവിടെ എടുത്തുചേര്‍ക്കുന്നത്.

ശാസ്ത്രത്തിന്റെ പക്ഷത്തു നില്‍ക്കുന്ന(?) ലേഖകന്‍ ആദ്യ ഖണ്ഡികയില്‍ത്തന്നെ വലിയൊരു പച്ചക്കള്ളം  തട്ടിവിട്ടിരിക്കുന്നതു നോക്കുക:"1990 അവസാനം പ്രചരിപ്പിക്കപ്പെട്ട'മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ല'എന്ന വ്യാജ സിദ്ധാന്തം (Moon Hoax Theory)കോടികള്‍ വിറ്റുവരവുള്ള കോര്‍പ്പറേറ്റ് വ്യവസായമായി പരിണമിച്ചിരുന്നു." ശുദ്ധനുണയാണീ  പ്രസ്താവം. ചന്ദ്രയാത്രയില്‍ സംശയം പ്രകടിപ്പിക്കുന്ന പുസ്തകങ്ങളുടെ എണ്ണം പോലും പത്തിലേറെ വരില്ല. പ്രമുഖരായ പ്രസാധകരാരും പ്രസിദ്ധീകരിക്കാത്തതും ഏതാനും ആയിരം കോപ്പികള്‍ മാത്രം വിറ്റഴിക്കപ്പെട്ടതുമായ ഇത്തരം കൃതികളും വീഡിയോകളും വഴി കോടികള്‍ എങ്ങനെ സമ്പാദിക്കുമെന്നാണ് ലേഖകന്‍ പറയുന്നത്? ഉദാഹരണമായി, 'ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങിയിട്ടില്ല എന്ന പേരില്‍ പ്രശാന്ത് ചിറക്കര എഴുതിയ ഒരു പുസ്തകം സുജിലീ പബ്ലിക്കേഷന്‍സ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പച്ചക്കുതിരയുടെ വായനക്കാരില്‍ എത്രപേര്‍ ഇപ്പറഞ്ഞ പ്രസാധകരെപ്പറ്റി കേട്ടിട്ടുണ്ട്? എത്രപേര്‍  ആ പുസ്തകം വായിച്ചിട്ടുണ്ട്? പുസ്തകം ഇറക്കിയ വകയില്‍‍ ചെലവായ തുകയെങ്കിലും പാവങ്ങള്‍ക്കു തിരിച്ചുകിട്ടിയെങ്കില്‍ അതു മഹാഭാഗ്യമായി കാണണം. ശാസ്ത്രത്തോടൊപ്പം നുണകള്‍ കൂടി വിളമ്പിയാല്‍ അവയും ശാസ്ത്രമാവുമെന്നാണോ ലേഖകന്റെ ധാരണ?

ചന്ദ്രജലം സംബന്ധിച്ച വിവാദങ്ങളിലേക്കു കടക്കും മുന്‍പ് ലേഖകനോട് വളരെ പ്രധാനപ്പെട്ട ഒരു സംശയം ഉന്നയിക്കട്ടെ:"1969-72 കാലയളവില്‍ ചന്ദ്രനില്‍ ആറ് (അപ്പോളോ  11 മുതല്‍ 17 വരെയുള്ള)  വാഹനങ്ങളിലായി 12 പേര്‍ ചന്ദ്രനിലിറങ്ങുകയും 18 പേര്‍ ചന്ദ്രനെ പ്രദക്ഷിണം വയ്ക്കുകയും ചെയ്തിട്ടുണ്ട്" എന്ന് ലേഖകന്‍ എഴുതിയല്ലോ. വെറും മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ചന്ദ്രനില്‍ പോയി ഇത്രയേറെ ധീരകൃത്യങ്ങള്‍ നടത്തിയ അമേരിക്ക അതിനുശേഷം മുപ്പത്തെട്ടു വര്‍ഷങ്ങള്‍ക്കിടെ എന്തുകൊണ്ട് ഒരിക്കല്‍പ്പോലും ചന്ദ്രയാത്ര നടത്തിയില്ല? ഈ സംശയത്തിന് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ ഇന്നോളം നാസക്കു കഴിഞ്ഞിട്ടുണ്ടോ? നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ (1969-72) ആറു പ്രാവശ്യം ചന്ദ്രനില്‍ പോയി സുരക്ഷിതരായി മ‌ടങ്ങിയെത്താമെങ്കില്‍ ഇന്നത്തെ ശാസ്ത്ര-സാങ്കേതിക നിലവാരത്തില്‍ ചന്ദ്രനിലേക്ക് ഷട്ടില്‍ സര്‍വീസ് തന്നെ തുടങ്ങേണ്ടതായിരുന്നില്ലേ? എന്നാല്‍ യഥാര്‍ഥത്തില്‍ എന്താണു സംഭവിച്ചത്?

ഉത്തരാധുനിക സാങ്കേതിക വിദ്യയുപയോഗിച്ചു പ്രവര്‍ത്തിക്കുന്ന അമേരിക്കയുടെ സ്പേസ് ഷട്ടിലുകള്‍ക്ക് ഭൂമിയില്‍ നിന്ന് അഞ്ഞൂറു മൈലുകള്‍ മാത്രം സഞ്ചരിക്കാനേ ശേഷിയുള്ളൂ! 1972 ല്‍ അപ്പോളോ പദ്ധതികള്‍ അവസാനിച്ച ശേഷം മൂന്നു ദശകങ്ങള്‍ കൊണ്ടു നേടിയ 'പുരോഗതി'യാണിത്. എന്നാല്‍ 1972 ല്‍ ചന്ദ്രനില്‍ പോയി തിരിച്ചെത്തിയ അപ്പോളോ 17 ന് രണ്ടു ലക്ഷത്തിലേറെ മൈലുകള്‍ താണ്ടാനുള്ള ശേഷിയുണ്ടായിരുന്നു! ശാസ്ത്ര-സാങ്കേതിക വിദ്യ പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്കാണല്ലോ. എന്നാല്‍ സ്പേസ് സാങ്കേതിക വിദ്യ 1970കളില്‍ നേടിയ പുരോഗതിയില്‍ നിന്നു വീണ്ടും മുന്നോട്ടു പോകേണ്ടതിനു പകരം അധോഗമിക്കുകയായിരുന്നോ? 1972ല്‍ രണ്ടു ലക്ഷത്തിലേറെ മൈലുകള്‍ കടന്നു തിരിച്ചെത്താന്‍ ശേഷിയുണ്ടായിരുന്ന അമേരിക്ക ഇപ്പോള്‍ അഞ്ഞൂറു മൈലുകള്‍ മാത്രം വട്ടം കറങ്ങി(സ്പേസ് ഷട്ടിലുകള്‍)തിരിച്ചെത്തുന്നത് എന്തുകൊണ്ട്?

ഇനി ചന്ദ്രനിലേക്കില്ലെന്നും ബഹിരാകാശ ഗവേഷണങ്ങള്‍ക്കു പണം ചുരുക്കുകയാണെന്നും പ്രസിഡന്റ് ഒബാമ പ്രസ്താവിച്ചത് വാര്‍ത്തയായിരുന്നല്ലോ. ഇതേപ്പറ്റി റോയിട്ടേഴ്സ് നല്‍കിയ റിപ്പോര്‍ട്ടില്‍ ( 2010 ഏപ്രില്‍  16) ഇങ്ങനെയൊരു വാക്യം കാണാം:" The President will announce that he wants to accelerate development of a large,heavy-lift rocket to carry astronauts beyond low-earth orbit and he will set orbiting Mars as an eventual goal for the space program."

ഇവിടെ ഉയരുന്ന സംശയമിതാണ്:1969ല്‍ തന്നെ  low-earth orbitല്‍ നിന്ന് ഉയര്‍ന്ന് രണ്ടു ലക്ഷത്തോളം മൈലുകള്‍ സഞ്ചരിക്കാന്‍ ശേഷി നേടിയ അമേരിക്ക ഇനിയും ആ ശേഷി വികസിപ്പിക്കേണ്ട ആവശ്യമെന്താണ്? ഇനിയും വികസിപ്പിക്കേണ്ടതുണ്ടെങ്കില്‍ ഇതിനു മുന്‍പ് അതിനുള്ള ശേഷിയില്ലായിരുന്നു എന്നല്ലേ തെളിയുന്നത്?

അപ്പോളോ ടെക്നോളജിയുടെ ഓരോ ഭാഗങ്ങളും സൂക്ഷ്മമായി ഇങ്ങനെ പരിശോധിക്കാവുന്നതാണ്. ഉദാഹരണമായി, അപ്പോളോ 11ല്‍ ഉപയോഗിച്ച കംപ്യൂട്ടര്‍ നോക്കാം. അതിന്റെ മെമ്മറി വെറും 152 കി ബൈറ്റാണ്. അതായത് നാം ഇക്കാലത്ത് ഉപയോഗിക്കുന്ന ഒരു കാല്‍ക്കുലേറ്ററിന്റെ കപ്പാസിറ്റി. വാഹനങ്ങളെ നിയന്ത്രിക്കുന്നതില്‍ കംപ്യൂട്ടറുകളുടെ പ്രയോജനം ഏവര്‍ക്കും ഗ്രഹിക്കാവുന്നതാണ്. കാല്‍ക്കുലേറ്ററിന്റെ കപ്പാസിറ്റിയുള്ള കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് രണ്ടുലക്ഷം മൈലുകള്‍ക്കപ്പുറം പറന്നെത്തിയവര്‍ അതേക്കാള്‍ പതിനായിരക്കണക്കിന് ഇരട്ടി മെമ്മറിയും പ്രോസസിങ് ശേഷിയുമുള്ള കംപ്യൂട്ടറുകളുള്ള ഇക്കാലത്ത് അഞ്ഞൂറു മൈലുകള്‍ക്കു ചുറ്റുമായി കറങ്ങിത്തിരിയുന്നത് എന്തുകൊണ്ടാണ്?

2004ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബുഷ് 2020ല്‍ അമേരിക്ക ചന്ദ്രനില്‍ വീണ്ടും ഇറങ്ങുമെന്നു പ്രഖ്യാപിച്ചെങ്കിലും ഇപ്പോള്‍ അത്തരം പദ്ധതികള്‍ നാസ തന്നെ വേണ്ടെന്നു വച്ചിരിക്കുന്നു! ചന്ദ്രനു ശേഷം ചൊവ്വയിലിറങ്ങും എന്ന് ആദ്യം പ്രഖ്യാപിച്ചെങ്കിലും ഇപ്പോള്‍ അതേപ്പറ്റിയും നാസ മൌനത്തിലാണ്. എന്തുകൊണ്ട്?

ഇത്തരം സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നാസയിലെ തന്നെ ശാസ്ത്രജ്ഞനായ ജെയിംസ് ഒബെര്‍ഗിനെ നാസ ചുമതലപ്പെടുത്തുകയുണ്ടായി. ഒടുവില്‍ കരാറില്‍നിന്ന് നാസ പിന്‍വാങ്ങുകയാണുണ്ടായത്. ഇത്തരം ഒട്ടകപ്പക്ഷിനയം ഇന്നും തുടരുമ്പോളാണ് ലേഖകന്‍ ഇങ്ങനെ തട്ടിമൂളിക്കുന്നത്:" ചാന്ദ്രയാത്രയെക്കുറിച്ച് സംശയമുയര്‍ത്താന്‍ പ്രേരിപ്പിക്കുന്ന ചില വാദങ്ങള്‍ മുന്നോട്ടു വെക്കുന്നതില്‍ വിവാദപ്രിയര്‍ ആദ്യഘട്ടത്തില്‍ വിജയിച്ചിരുന്നുവെന്നത് സത്യമാണ്.എന്നാല്‍ തടസ്സവാദങ്ങള്‍ക്ക് ഒന്നൊന്നായി കൃത്യമായ മറുപടി നല്‍കപ്പെടുകയും(വീഡിയോ സിമുലേഷന്‍ ഉള്‍പ്പെടെ)ചാന്ദ്രയാത്രകള്‍ നടത്താന്‍ ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പുതിയതായി പദ്ധതിയിടുകയും ചെയ്തതോടെ കോലാഹലം ഏതാണ്ട് തണുത്ത മട്ടാണ്."സംശയങ്ങള്‍ക്കു വിശദീകരണം നല്‍കാന്‍ ഇന്നും ഔദ്യോഗികമായി നാസ തയ്യാറായിട്ടില്ലെന്നിരിക്കെ ആരുടെ മറുപടിയെക്കുറിച്ചാണ് ലേഖകന്‍ വാചാലനാകുന്നത്? ചില ശാസ്ത്രീയ ലേഖകരുടെ മറുപടിയെന്നവകാശപ്പെടുന്ന വിശദീകരണങ്ങളെയാകാം ഉദ്ദേശിച്ചത്. എന്നാല്‍ വളരെ ഗുരുതരമായ നിരവധി സംശയങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടും വിശദീകരണം നല്‍കാതെ നാസയെപ്പോലൊരു വന്‍ശാസ്ത്ര സ്ഥാപനം മൌനം പാലിക്കുന്നതെന്തുകൊണ്ടെന്ന് ലേഖകന്‍ വ്യക്തമാക്കുമോ? ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വരും ദശകങ്ങളില്‍ ചന്ദ്രയാത്രാ പദ്ധതികള്‍ പ്രഖ്യാപിച്ചതുകൊണ്ട് നാസയുടെ വിശ്വാസ്യത പുനസ്ഥാപിക്കപ്പെടുന്നതെങ്ങനെ?

ഇനി ചന്ദ്രനിലെ ജലം എന്ന വിഷയത്തിലേക്കു വരാം. ചന്ദ്രനില്‍ ജലമുണ്ടെന്ന വാദം തട്ടിപ്പാണെന്നാണ് പുതിയ കണ്ടുപിടിത്തം എന്ന് ലേഖകന്‍ എഴുതിയല്ലോ. ചന്ദ്രനില്‍ ജലമുണ്ടെന്ന നാസയുടെ വാദം തട്ടിപ്പാണെന്ന് നാസയു‌ടെ കടുത്ത വിമര്‍ശകര്‍ പോലും പറഞ്ഞിട്ടില്ല എന്നതാണു യാഥാര്‍ഥ്യം. വ്യാജവാദങ്ങള്‍ സ്വയം നിര്‍മിച്ച് അതിനെ തകര്‍ക്കാന്‍ ലേഖനമെഴുതിയാല്‍ ആര്‍ക്കാണു പ്രയോജനം?

ചന്ദ്രനിലെ ജലവുമായി ബന്ധപ്പെട്ട് ആകെ ഉയര്‍ന്ന സംശയം ഇതു മാത്രമായിരുന്നു: ചന്ദ്രനില്‍ നേരിട്ടുപോയി ശേഖരിച്ച 328 കി. ഗ്രാം പാറ-മണ്ണുകളില്‍ മൂന്നു ദശകത്തിലേറെ ഗവേഷണം നടത്തിയിട്ടും ചന്ദ്രനില്‍ ജലാംശമില്ല എന്ന നിഗമനമാണു ലഭിച്ചത്. ചന്ദ്രയാന്റെ മൂണ്‍ മിനറോളജി മാപ്പര്‍(എം ത്രീ) ജലം കണ്ടെത്തിയതായും നാസ പ്രഖ്യാപിച്ചു. ചന്ദ്രപാറകളില്‍ നേരിട്ടു നടത്തിയ ഗവേഷണങ്ങളേക്കാള്‍ വിശ്വാസയോഗ്യമാണോ ഫോട്ടോ അനാലിസിസ് മാത്രമായ മൂണ്‍ മിനറോളജി മാപ്പര്‍ നല്‍കിയ വിവരം? ആറു പേജുകളിലായി ചന്ദ്രനില്‍ ജലമുണ്ടെന്നു സമര്‍ഥിച്ച ലേഖകനും ഈ സംശയത്തിനു വിശദീകരണം നല്‍കിയിട്ടില്ല.

ലേഖകന്റെ ഈ വരികള്‍ നോക്കൂ:"അന്തരീക്ഷമില്ലാത്ത ചന്ദ്രനില്‍ ഓക്സിജനും ഹൈഡ്രജനുമൊന്നും ഉണ്ടാകില്ലെന്നും അഥവാ ഉണ്ടായാലും നിലനില്‍ക്കില്ലെന്നു് ഏതു സ്കൂള്‍കുട്ടിക്കുമറിയാം,പിന്നെയല്ലേ ജലം!...ആരോപണപ്രവാഹത്തിന്റെ ഗതി ഏതാണ്ടിങ്ങനെയാണ്. "എന്നാല്‍ ഇങ്ങനെയൊരാരോപണം ലോകത്ത് ആരും ഉന്നയിച്ചിട്ടില്ല എന്നതാണു യാഥാര്‍ഥ്യം. ചന്ദ്രയാത്ര കെട്ടുകഥയാണെന്നു സമര്‍ഥിക്കുന്ന എഴുത്തുകാരുടെ ഒട്ടേറെ രചനകള്‍ പരതിയെങ്കിലും ഇങ്ങനെയൊരാരോപണം ആരും മുന്നോട്ടുവച്ചതായി കണ്ടില്ല. വൈക്കോലുകൊണ്ടുള്ള മനുഷ്യരുണ്ടാക്കി സൈനികര്‍ ഷൂട്ടിങ് പരിശീലിക്കുന്നതായി കേട്ടിട്ടുണ്ട്. നാസ വിമര്‍ശകരെ നേരിടാന്‍ തയ്യാറെടുക്കുന്നതിന്റെ ഭാഗമായി ലേഖകന്‍ ഡമ്മി ആരോപണങ്ങളുണ്ടാക്കി തകര്‍ത്തു പരിശീലിക്കുകയാവാം!

"ചന്ദ്രനിലെ ജലസാന്നിധ്യം നാസയുടെ പെട്ടെന്നുണ്ടായ വെളിപാടാണോ?അല്ല-എന്ന് സൌമ്യമായി ഉത്തരം നല്‍കാവുന്ന ചോദ്യമാണിത് " എന്നും ലേഖകന്‍ എഴുതുന്നു(ലേഖനം മൊത്തത്തില്‍ ഇതിനുള്ള ഉത്തരമാണ്).എന്നാല്‍ "ചന്ദ്രനിലെ ജലസാന്നിധ്യം നാസയുടെ പെട്ടെന്നുണ്ടായ വെളിപാടാ"ണെന്ന് ഏതെങ്കിലും 'വിവാദ നായകര്‍'

അഭിപ്രായപ്പെട്ടുവോ? ഇല്ലെന്നതാണു വസ്തുത.എന്നിരിക്കെ ചന്ദ്രനില്‍ ജലമില്ല എന്നൊരു വ്യാജ സിദ്ധാന്തമുണ്ട് എന്ന വാദം തന്നെ ലേഖകന്റെ മനോവിലാസമാണെന്നു തെളിയുന്നു.

ഒരു ശാസ്ത്രജ്ഞനോ ഏതാനും ശാസ്ത്രജ്ഞരോ പറയുന്ന അഭിപ്രായങ്ങള്‍ പലപ്പോഴും ശാസ്ത്രജ്ഞരാല്‍ തന്നെ വെല്ലുവിളിക്കപ്പെടാറുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ചൊവ്വയില്‍ മീതേന്‍ കണ്ടെത്തിയെന്ന് യൂറോപ്യന്‍ മാര്‍സ് എക്സ്പ്രസ് ഓര്‍ബിറ്ററുമായി ബന്ധപ്പെട്ട ചില ശാസ്ത്രജ്ഞര്‍ അവകാശപ്പെടുകയുണ്ടായി. എന്നാല്‍ കൊളറാഡോ യൂണിവേഴ്സിറ്റിയിലെ ചൊവ്വാ വിദഗ്ധനായ ബ്രൂസ് ജാക്കോസ്കി ഇതില്‍ സംശയം പ്രക‌ടിപ്പിക്കയുണ്ടായി. ഇതേപ്പറ്റി ലോകപ്രശസ്ത ശാസ്ത്ര വാരികയായ ന്യൂ സയന്റിസ്റ്റ് കൊടുത്ത കുറിപ്പിന്റെ തലക്കെട്ട് Methane on Mars causes controversy എന്നാണ്.(New Scientist, 21 Sep 2004. Maggie Mackee യുടെ റിപ്പോര്‍ട്ട്).ജാക്കോസ്കി ഈ അവകാശവാദങ്ങളെ 'വളരെ വിവാദപരം' എന്നാണു വിശേഷിപ്പിച്ചതെന്നും 'ന്യൂ സയന്റിസ്റ്റി'ലുണ്ട്.

1996  ഓഗസ്റ്റ് 7ന് നാസാ ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചതെന്താണെന്നോ? ചൊവ്വയില്‍ മുന്‍പ് ജീവനുണ്ടായിരുന്നതിനു തെളിവുകള്‍ കിട്ടി എന്ന്! നാസ ജോണ്‍സന്‍ സ്പേസ് സെന്ററിന്റെ വക്താവ് ഡേവിഡ് മക്കേ തന്നെയാണിതു പ്രഖ്യാപിച്ചത്.കേരളത്തിലേതടക്കം ലോകമെമ്പാടുമുള്ല മാധ്യമങ്ങളില്‍ ഇതേപ്പറ്റി ദിവസങ്ങളോളം വാര്‍ത്തകള്‍ വരികയുണ്ടായി. അന്റാര്‍ട്ടിക്കയില്‍ നിന്നു കിട്ടിയ ALH84001ഉല്‍ക്കയെ പരിശോധിച്ചപ്പോളാണ് ഇങ്ങനെയൊരു പ്രഖ്യാപനമുണ്ടായത്.എന്നാല്‍ പിന്നീടുണ്ടായ എല്ലാ പഠനങ്ങളും ഈ പ്രഖ്യാപനം അബദ്ധമായിരുന്നുവെന്നു തെളിയിച്ചു.  'ചൊവ്വയിലെ ജീവനു ' കിട്ടിയ വാര്‍ത്താ പ്രാധാന്യം ഈ തെളിവുകള്‍ക്കു ലഭിച്ചതുമില്ല. ഇത്തരം വിവാദങ്ങള്‍ ശാസ്ത്രലോകത്ത് പതിവുള്ളതാണെങ്കിലും ലേഖകനു പരിചയമില്ലെന്നു ലേഖനത്തില്‍നിന്നു വ്യക്തമാണ്.

(പച്ചക്കുതിര 2010 ജൂലൈ )


ഈ കുറിപ്പിനോട് രവിചന്ദ്രന്‍ പ്രതികരിച്ചില്ല. പകരം പ്രവീണ്‍  എന്ന വായനക്കാരനാണു മറുപടി എഴുതിയത്. ആ മറുപടിക്കും സുദേഷ് മറുപടി ഇങ്ങനെ എഴുതുകയുണ്ടായി:


ശാസ്ത്രജ്ഞന്റെ അഭിപ്രായങ്ങളായാലും അണ്ണാക്കു തൊടാതെ വിഴുങ്ങുന്നവരെ 'ശാസ്ത്രാന്ധവിശ്വാസികള്‍ ' എന്നാണു വിളിക്കേണ്ടത്. ശ്രീ പ്രവീണ്‍ എന്റെ സംശയങ്ങളോടു പ്രതികരിച്ചിരിക്കുന്നതും ഇത്തരമൊരു മനോഭാവത്തോടെയാണ്.(പച്ചക്കുതിര ഓഗസ്റ്റ് 2010).


1972ല്‍ അപ്പോളോ പദ്ധതി അവസാനിപ്പിച്ച നാസ ഇന്നോളം മറ്റൊരു ചന്ദ്രയാത്ര നടത്താത്തതിനു കാരണം, "അമേരിക്കന്‍ ജനതയ്ക്ക് ചന്ദ്രയാത്രയിലുള്ള താത്പര്യവും ആവേശവും ഗണ്യമായി കുറഞ്ഞുവെന്നതാണെ"ന്ന് അദ്ദേഹം എഴുതുന്നു. ശാസ്ത്രീയ ഗവേഷണങ്ങളും പര്യവേക്ഷണങ്ങളും മറ്റും നടത്തുന്നത് ജനങ്ങള്‍ക്കിടയില്‍ സര്‍വേ നടത്തിയല്ല, മറിച്ച് ശാസ്ത്ര സമൂഹത്തിന്റെയും രാഷ്ട്രീയനേതൃത്വത്തിന്റെയും തീരുമാനമാണ് അക്കാര്യത്തില്‍ നിര്‍ണായകമെന്നുള്ള സാമാന്യ വിവരം പോലും, നാസയെ അന്ധമായി ന്യായീകരിക്കുന്ന തത്രപ്പാടില്‍ പ്രവീണ്‍ മറന്നു പോകുന്നു,അഥവാ പ്രവീണിന് ഇല്ലാതെ പോവുന്നു എന്നതു കഷ്ടം തന്നെ.

"വിവിധ ദൌത്യങ്ങളിലായി കൊണ്ടുവന്ന തെളിവുകളും ഡേറ്റകളും ഏറെക്കുറെ ആവര്‍ത്തനസ്വഭാവമുള്ളതായിരുന്നു"വത്രേ! "വീണ്ടും വീണ്ടും ചന്ദ്രനില്‍ പോയിട്ട് വലിയ പ്രയോജനമൊന്നുമില്ല എന്നതായിരുന്നു നാസയുടെ വിലയിരുത്തല്‍ "എന്നും കുറിപ്പിലുണ്ട്. ഇതാണു യാഥാര്‍ഥ്യമെങ്കില്‍ 2020 നകം വീണ്ടും ചന്ദ്രനില്‍ ഇറങ്ങാനുള്ള നാസയുടെ ശ്രമവും 2011 ലും 2012 ലും പേടകമയക്കാന്‍ പദ്ധതിയിടുന്നതും ഭോഷത്തമല്ലേ പ്രവീണേ? പ്രയോജനമില്ലെന്നു കണ്ട് നാസ നിര്‍ത്തിയ പദ്ധതി നാസ തന്നെ പുനരാരംഭിക്കുന്നതിലെ വൈരുധ്യം എങ്ങനെ വിശദീകരിക്കും? രണ്ടിലൊരു വാദമല്ലേ ശരിയാവൂ?

വരണ്ട ചന്ദ്രനില്‍ നിന്നു കിട്ടിയ പാറയിലും മണ്ണിലും ഭൂമിയിലേതുപോലെ വിവരവൈവിധ്യം കാണാനിടയില്ലെങ്കിലും ആറ് ചന്ദ്രയാത്രകളോടെ തീരുന്ന പ്രകൃതിരഹസ്യങ്ങളേ ചന്ദ്രനിലുള്ളൂ എന്നു കരുതുന്നവരെ വിഡ്ഢികളുടെ കൂട്ടത്തില്‍പ്പോലും പെടുത്താനാവില്ല.ഭൂമിയിലെ പോലെ അന്തരീക്ഷമോ ഗുരുത്വാകര്‍ഷണമോ ഇല്ലാത്ത ചന്ദ്രില്‍ വാനലോകത്തുനിന്നു പതിക്കുന്ന കോസ്മിക് രശ്മികളുടെ വിവരശേഖരം തന്നെയുണ്ടാകും. അതുകൊണ്ടുതന്നെ,നക്ഷത്ര വ്യവസ്ഥകളെയും ഗ്രഹാന്തര മണ്ഡലങ്ങളെയും അവയുടെ ഉദ്ഭവത്തെയും സംബന്ധിച്ചു് ഏറെ വിവരങ്ങള്‍ ചന്ദ്രയാത്രയില്‍നിന്നും പഠനത്തില്‍നിന്നും ലഭിക്കുമെന്നാണു പ്രതീക്ഷിക്കേണ്ടത്. എന്നിട്ടും 'പുതിയ വിവരങ്ങളൊന്നും കിട്ടുന്നില്ല' എന്ന വാദമുയര്‍ത്തി ചന്ദ്രയാത്ര അവസാനിപ്പിച്ച നാസയുടെ നിലപാടുതന്നെ സാമാന്യമായ ശാസ്ത്രബോധമുള്ളവരില്‍ സംശയങ്ങളുയര്‍ത്തും.

സ്പേസ് ഷട്ടിലുകള്‍ ചാന്ദ്രദൌത്യങ്ങള്‍ക്കു വേണ്ടിയല്ലെന്ന് ഏവര്‍ക്കുമറിയാം. ഇന്നത്തെ സ്പേസ് ഷട്ടിലുകള്‍ ചന്ദ്രയാത്ര നടത്താത്തതെന്തേ എന്നതല്ല സംശയം. 1969-72 കാലയളവില്‍ രണ്ടുലക്ഷത്തിലേറെ മൈലുകള്‍ താണ്ടി ആറുതവണ ചന്ദ്രനിലേക്കു ഷട്ടില്‍ യാത്രകള്‍ നടത്തിയവര്‍ ,നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു ശേഷവും അഞ്ഞൂറുമൈലുകള്‍ക്കപ്പുറം എന്തുകൊണ്ടു ഷട്ടില്‍ യാത്രകള്‍ നടത്തുന്നില്ല എന്നതാണു ചോദ്യം. ശാസ്ത്ര-സാങ്കേതിക പുരോഗതി മുന്നോട്ടാണെങ്കില്‍ 1972ല്‍ ചന്ദ്രനിലേക്ക് ഷട്ടില്‍ യാത്രകള്‍ നടത്തിയവര്‍ നാലു പതിറ്റാണ്ടു കഴിഞ്ഞപ്പോള്‍ അതിനപ്പുറം പോകുന്നതിനു പകരം വെറും 500 മൈല്‍ വട്ടം കറങ്ങുന്നതെന്തുകൊണ്ടെന്നാണു സംശയം. സ്പേസ് ഷട്ടിലുകള്‍ നിര്‍മിച്ചിട്ടുള്ളത് ചാന്ദ്രയാത്രക്കല്ല എന്നു പറഞ്ഞാല്‍ ഇതിനു വിശദീകരണമാവുമോ ?

ചന്ദ്രനില്‍ ജലമില്ല എന്നൊരു വാദം ഏതെങ്കിലും ഹോക്സ് തിയറിക്കാര്‍ ഉന്നയിച്ചതായി അറിവില്ല. ചന്ദ്രനില്‍ നേരിട്ടു് ഇറങ്ങി കൊണ്ടുവന്ന പാറകളും മണ്ണും നേരിട്ട് ലാബുകളില്‍ പരിശോധിച്ചപ്പോള്‍ കിട്ടിയ ഗവേഷണഫലം, ജലാംശമില്ല എന്നതായിരുന്നു. എന്നാല്‍ ചന്ദ്രയാനില്‍ നിന്നു കിട്ടിയ ഫോട്ടോകള്‍ നോക്കി ചന്ദ്രനില്‍ ജലാംശമുണ്ട് എന്നു് ഇപ്പോള്‍ നാസ പറയുന്നു. നേരിട്ടു പോയി ശേഖരിച്ച പാറകള്‍ ലാബുകളില്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച ഗവേഷണഫലമാണോ ഫോട്ടോയാണോ കൂടുതല്‍ ശാസ്ത്രീയമൂല്യമുള്ളത് എന്ന സംശയമാണ്  ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ചന്ദ്രയാത്രയില്‍ സംശയം പ്രകടിപ്പിച്ചിട്ടുള്ള ആരും തന്നെ ചന്ദ്രനില്‍ ജലമില്ല എന്നു വാദിച്ചിട്ടേയില്ല. അതിനാല്‍ ഇത്തരമൊരു ആരോപണം ശ്രീ രവിചന്ദ്രന്‍ കെട്ടിച്ചമച്ചതാണെന്നു തെളിയുന്നു.

ചന്ദ്രയാത്രയെ നിഷേധിക്കുന്ന പുസ്തകങ്ങളുടെ എണ്ണം പത്തില്‍ താഴെയാണ്. (പതിനഞ്ചില്‍ ഏറെ എന്ന പ്രവീണിന്റെ വാദം സത്യവിരുദ്ധമാണ്. )വിറ്റഴിക്കപ്പെട്ട അവയുടെ കോപ്പികളാവട്ടെ തുഛമാണു താനും. സിഡികളും സിനിമകളും കപ്പും സോസറും ടീഷര്‍ട്ടുമെല്ലാം വളരെ കുറഞ്ഞ അളവില്‍ മാത്രം വിറ്റഴിക്കപ്പെട്ടവയാണ്. ഇതില്‍നിന്ന് ശതകോടികളുടെ കച്ചവടം നടന്നതായി കണക്കാക്കുന്നവര്‍ക്ക് സാമാന്യ ഗണിതം പോലും വശമില്ലെന്നു സ്പഷ്ടമാണ്.

ചന്ദ്രയാത്രയെക്കുറിച്ചുള്ള ന്യായമായ സംശയങ്ങള്‍ക്ക് 'ബാഡ് അസ്ട്രോണമി' സൈറ്റും ഫിലിപ്പ് പ്ലെയ്റ്റും നല്‍കിയ വിശദീകരണങ്ങള്‍ ബാലിശങ്ങളാണ്. ഒരുദാഹരണം മാത്രം സൂചിപ്പിക്കാം. ചന്ദ്രനില്‍ അസ്ട്രോനോട്ടുകള്‍ കങ്കാരുച്ചാട്ടം നടത്തുന്നുണ്ടല്ലോ. ഇവ സ്പീഡ് മോഷനില്‍ ആക്കിയാല്‍ ഭൂമിയിലെ സാധാരണ ചാട്ടമാകും എന്ന് ഫോക്സ് ന്യൂസിലെ പ്രോഗ്രാമില്‍ ( 2001 ഫെബ്രുവരി 15)വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ഭൂമിയിലെ കങ്കാരുച്ചാട്ടം സ്ലോമോഷനിലാക്കി ചന്ദ്രനിലെ ചാട്ടം കൃത്രിമമായി നിര്‍മിക്കാമെന്നര്‍ഥം. ഇതിന് ഫിലിപ്പ് പ്ലെയ്റ്റ് നല്‍കിയ മറുപടി ഇതായിരുന്നു:"To me even when speed up, the images didn't looklike they were filmed in earth's gravity. "പ്ലെയ്റ്റിന് തോന്നാത്തത് അദ്ദേഹത്തിന്റെ നിരീക്ഷണശേഷിയില്ലായ്മയെയാണു വെളിവാക്കുന്നത്. ഇതെഴുതുന്നയാള്‍ പ്രസ്തുത വീഡിയോകള്‍ സ്പീഡ് മോഷനില്‍ കാണുകയുണ്ടായി. വ്യക്തമായും ഭൂമിയിലെ സാധാരണ ചാട്ടം തന്നെയാണതെന്നു ബോധ്യപ്പെടുകയുണ്ടായി. ആര്‍ക്കും ഇതു പരീക്ഷിച്ചു ബോധ്യപ്പെടുന്ന കാര്യമാണ്. അസ്ട്രോനോട്ടുകളുടെ ചന്ദ്രനിലെ കങ്കാരുച്ചാട്ടം നാസയുടെ വിഡ്ഢിത്തത്തിന് ഉദാഹരണം കൂടിയാണ്. ഗുരുത്വാകര്‍ഷണമില്ലാത്ത( 1/6 മാത്രം)ചന്ദ്രനില്‍ വളരെ പതുക്കെ നടക്കുകയാണു വേണ്ടത്. (റിസ്കു കുറക്കാന്‍ ) എന്ന കാര്യം കൃത്രിമ വീഡിയോകള്‍ ചമച്ച നാസയിലെ ബുദ്ധിരാക്ഷസന്മാരുണ്ടോ അറിയുന്നു!
(ഒക്റ്റോബര്‍ , 2010- പച്ചക്കുതിര) 


പച്ചക്കുതിരയില്‍  ഈ കുറിപ്പുകള്‍ എഡിറ്റു ചെയ്താണു വന്നത്.