Saturday, July 16, 2011

ചന്ദ്രനിലെ ജലവും സംശയങ്ങളും-രവിചന്ദ്രനു മറുപടി

ചാന്ദ്രയാത്ര എന്ന ഈ ബ്ലോഗ് എഴുതിത്തുടങ്ങാന്‍ സമയം ഇല്ലായിരുന്നു. എന്നാല്‍ പ്രൊഫ രവിചന്ദ്രന്‍ തന്റെ ബ്ലോഗില്‍ ഈ വിഷയം കൈകാര്യം ചെയ്തു തുടങ്ങിയപ്പോള്‍ എന്റെ ബ്ലോഗും ആരംഭിക്കാമെന്നു കരുതി. ശ്രീ രവിചന്ദ്രന്റെ പച്ചക്കുതിര ലേഖനത്തിന് ആ മാസികയില്‍ത്തന്നെ വന്ന ശ്രീ സുദേഷ് എം ആര്‍ എന്ന വ്യക്തിയുടെ മറുപടിയാണ് സമയക്കുറവുമൂലം ഇവിടെ എടുത്തുചേര്‍ക്കുന്നത്.

ശാസ്ത്രത്തിന്റെ പക്ഷത്തു നില്‍ക്കുന്ന(?) ലേഖകന്‍ ആദ്യ ഖണ്ഡികയില്‍ത്തന്നെ വലിയൊരു പച്ചക്കള്ളം  തട്ടിവിട്ടിരിക്കുന്നതു നോക്കുക:"1990 അവസാനം പ്രചരിപ്പിക്കപ്പെട്ട'മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ല'എന്ന വ്യാജ സിദ്ധാന്തം (Moon Hoax Theory)കോടികള്‍ വിറ്റുവരവുള്ള കോര്‍പ്പറേറ്റ് വ്യവസായമായി പരിണമിച്ചിരുന്നു." ശുദ്ധനുണയാണീ  പ്രസ്താവം. ചന്ദ്രയാത്രയില്‍ സംശയം പ്രകടിപ്പിക്കുന്ന പുസ്തകങ്ങളുടെ എണ്ണം പോലും പത്തിലേറെ വരില്ല. പ്രമുഖരായ പ്രസാധകരാരും പ്രസിദ്ധീകരിക്കാത്തതും ഏതാനും ആയിരം കോപ്പികള്‍ മാത്രം വിറ്റഴിക്കപ്പെട്ടതുമായ ഇത്തരം കൃതികളും വീഡിയോകളും വഴി കോടികള്‍ എങ്ങനെ സമ്പാദിക്കുമെന്നാണ് ലേഖകന്‍ പറയുന്നത്? ഉദാഹരണമായി, 'ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങിയിട്ടില്ല എന്ന പേരില്‍ പ്രശാന്ത് ചിറക്കര എഴുതിയ ഒരു പുസ്തകം സുജിലീ പബ്ലിക്കേഷന്‍സ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പച്ചക്കുതിരയുടെ വായനക്കാരില്‍ എത്രപേര്‍ ഇപ്പറഞ്ഞ പ്രസാധകരെപ്പറ്റി കേട്ടിട്ടുണ്ട്? എത്രപേര്‍  ആ പുസ്തകം വായിച്ചിട്ടുണ്ട്? പുസ്തകം ഇറക്കിയ വകയില്‍‍ ചെലവായ തുകയെങ്കിലും പാവങ്ങള്‍ക്കു തിരിച്ചുകിട്ടിയെങ്കില്‍ അതു മഹാഭാഗ്യമായി കാണണം. ശാസ്ത്രത്തോടൊപ്പം നുണകള്‍ കൂടി വിളമ്പിയാല്‍ അവയും ശാസ്ത്രമാവുമെന്നാണോ ലേഖകന്റെ ധാരണ?

ചന്ദ്രജലം സംബന്ധിച്ച വിവാദങ്ങളിലേക്കു കടക്കും മുന്‍പ് ലേഖകനോട് വളരെ പ്രധാനപ്പെട്ട ഒരു സംശയം ഉന്നയിക്കട്ടെ:"1969-72 കാലയളവില്‍ ചന്ദ്രനില്‍ ആറ് (അപ്പോളോ  11 മുതല്‍ 17 വരെയുള്ള)  വാഹനങ്ങളിലായി 12 പേര്‍ ചന്ദ്രനിലിറങ്ങുകയും 18 പേര്‍ ചന്ദ്രനെ പ്രദക്ഷിണം വയ്ക്കുകയും ചെയ്തിട്ടുണ്ട്" എന്ന് ലേഖകന്‍ എഴുതിയല്ലോ. വെറും മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ചന്ദ്രനില്‍ പോയി ഇത്രയേറെ ധീരകൃത്യങ്ങള്‍ നടത്തിയ അമേരിക്ക അതിനുശേഷം മുപ്പത്തെട്ടു വര്‍ഷങ്ങള്‍ക്കിടെ എന്തുകൊണ്ട് ഒരിക്കല്‍പ്പോലും ചന്ദ്രയാത്ര നടത്തിയില്ല? ഈ സംശയത്തിന് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ ഇന്നോളം നാസക്കു കഴിഞ്ഞിട്ടുണ്ടോ? നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ (1969-72) ആറു പ്രാവശ്യം ചന്ദ്രനില്‍ പോയി സുരക്ഷിതരായി മ‌ടങ്ങിയെത്താമെങ്കില്‍ ഇന്നത്തെ ശാസ്ത്ര-സാങ്കേതിക നിലവാരത്തില്‍ ചന്ദ്രനിലേക്ക് ഷട്ടില്‍ സര്‍വീസ് തന്നെ തുടങ്ങേണ്ടതായിരുന്നില്ലേ? എന്നാല്‍ യഥാര്‍ഥത്തില്‍ എന്താണു സംഭവിച്ചത്?

ഉത്തരാധുനിക സാങ്കേതിക വിദ്യയുപയോഗിച്ചു പ്രവര്‍ത്തിക്കുന്ന അമേരിക്കയുടെ സ്പേസ് ഷട്ടിലുകള്‍ക്ക് ഭൂമിയില്‍ നിന്ന് അഞ്ഞൂറു മൈലുകള്‍ മാത്രം സഞ്ചരിക്കാനേ ശേഷിയുള്ളൂ! 1972 ല്‍ അപ്പോളോ പദ്ധതികള്‍ അവസാനിച്ച ശേഷം മൂന്നു ദശകങ്ങള്‍ കൊണ്ടു നേടിയ 'പുരോഗതി'യാണിത്. എന്നാല്‍ 1972 ല്‍ ചന്ദ്രനില്‍ പോയി തിരിച്ചെത്തിയ അപ്പോളോ 17 ന് രണ്ടു ലക്ഷത്തിലേറെ മൈലുകള്‍ താണ്ടാനുള്ള ശേഷിയുണ്ടായിരുന്നു! ശാസ്ത്ര-സാങ്കേതിക വിദ്യ പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്കാണല്ലോ. എന്നാല്‍ സ്പേസ് സാങ്കേതിക വിദ്യ 1970കളില്‍ നേടിയ പുരോഗതിയില്‍ നിന്നു വീണ്ടും മുന്നോട്ടു പോകേണ്ടതിനു പകരം അധോഗമിക്കുകയായിരുന്നോ? 1972ല്‍ രണ്ടു ലക്ഷത്തിലേറെ മൈലുകള്‍ കടന്നു തിരിച്ചെത്താന്‍ ശേഷിയുണ്ടായിരുന്ന അമേരിക്ക ഇപ്പോള്‍ അഞ്ഞൂറു മൈലുകള്‍ മാത്രം വട്ടം കറങ്ങി(സ്പേസ് ഷട്ടിലുകള്‍)തിരിച്ചെത്തുന്നത് എന്തുകൊണ്ട്?

ഇനി ചന്ദ്രനിലേക്കില്ലെന്നും ബഹിരാകാശ ഗവേഷണങ്ങള്‍ക്കു പണം ചുരുക്കുകയാണെന്നും പ്രസിഡന്റ് ഒബാമ പ്രസ്താവിച്ചത് വാര്‍ത്തയായിരുന്നല്ലോ. ഇതേപ്പറ്റി റോയിട്ടേഴ്സ് നല്‍കിയ റിപ്പോര്‍ട്ടില്‍ ( 2010 ഏപ്രില്‍  16) ഇങ്ങനെയൊരു വാക്യം കാണാം:" The President will announce that he wants to accelerate development of a large,heavy-lift rocket to carry astronauts beyond low-earth orbit and he will set orbiting Mars as an eventual goal for the space program."

ഇവിടെ ഉയരുന്ന സംശയമിതാണ്:1969ല്‍ തന്നെ  low-earth orbitല്‍ നിന്ന് ഉയര്‍ന്ന് രണ്ടു ലക്ഷത്തോളം മൈലുകള്‍ സഞ്ചരിക്കാന്‍ ശേഷി നേടിയ അമേരിക്ക ഇനിയും ആ ശേഷി വികസിപ്പിക്കേണ്ട ആവശ്യമെന്താണ്? ഇനിയും വികസിപ്പിക്കേണ്ടതുണ്ടെങ്കില്‍ ഇതിനു മുന്‍പ് അതിനുള്ള ശേഷിയില്ലായിരുന്നു എന്നല്ലേ തെളിയുന്നത്?

അപ്പോളോ ടെക്നോളജിയുടെ ഓരോ ഭാഗങ്ങളും സൂക്ഷ്മമായി ഇങ്ങനെ പരിശോധിക്കാവുന്നതാണ്. ഉദാഹരണമായി, അപ്പോളോ 11ല്‍ ഉപയോഗിച്ച കംപ്യൂട്ടര്‍ നോക്കാം. അതിന്റെ മെമ്മറി വെറും 152 കി ബൈറ്റാണ്. അതായത് നാം ഇക്കാലത്ത് ഉപയോഗിക്കുന്ന ഒരു കാല്‍ക്കുലേറ്ററിന്റെ കപ്പാസിറ്റി. വാഹനങ്ങളെ നിയന്ത്രിക്കുന്നതില്‍ കംപ്യൂട്ടറുകളുടെ പ്രയോജനം ഏവര്‍ക്കും ഗ്രഹിക്കാവുന്നതാണ്. കാല്‍ക്കുലേറ്ററിന്റെ കപ്പാസിറ്റിയുള്ള കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് രണ്ടുലക്ഷം മൈലുകള്‍ക്കപ്പുറം പറന്നെത്തിയവര്‍ അതേക്കാള്‍ പതിനായിരക്കണക്കിന് ഇരട്ടി മെമ്മറിയും പ്രോസസിങ് ശേഷിയുമുള്ള കംപ്യൂട്ടറുകളുള്ള ഇക്കാലത്ത് അഞ്ഞൂറു മൈലുകള്‍ക്കു ചുറ്റുമായി കറങ്ങിത്തിരിയുന്നത് എന്തുകൊണ്ടാണ്?

2004ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബുഷ് 2020ല്‍ അമേരിക്ക ചന്ദ്രനില്‍ വീണ്ടും ഇറങ്ങുമെന്നു പ്രഖ്യാപിച്ചെങ്കിലും ഇപ്പോള്‍ അത്തരം പദ്ധതികള്‍ നാസ തന്നെ വേണ്ടെന്നു വച്ചിരിക്കുന്നു! ചന്ദ്രനു ശേഷം ചൊവ്വയിലിറങ്ങും എന്ന് ആദ്യം പ്രഖ്യാപിച്ചെങ്കിലും ഇപ്പോള്‍ അതേപ്പറ്റിയും നാസ മൌനത്തിലാണ്. എന്തുകൊണ്ട്?

ഇത്തരം സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നാസയിലെ തന്നെ ശാസ്ത്രജ്ഞനായ ജെയിംസ് ഒബെര്‍ഗിനെ നാസ ചുമതലപ്പെടുത്തുകയുണ്ടായി. ഒടുവില്‍ കരാറില്‍നിന്ന് നാസ പിന്‍വാങ്ങുകയാണുണ്ടായത്. ഇത്തരം ഒട്ടകപ്പക്ഷിനയം ഇന്നും തുടരുമ്പോളാണ് ലേഖകന്‍ ഇങ്ങനെ തട്ടിമൂളിക്കുന്നത്:" ചാന്ദ്രയാത്രയെക്കുറിച്ച് സംശയമുയര്‍ത്താന്‍ പ്രേരിപ്പിക്കുന്ന ചില വാദങ്ങള്‍ മുന്നോട്ടു വെക്കുന്നതില്‍ വിവാദപ്രിയര്‍ ആദ്യഘട്ടത്തില്‍ വിജയിച്ചിരുന്നുവെന്നത് സത്യമാണ്.എന്നാല്‍ തടസ്സവാദങ്ങള്‍ക്ക് ഒന്നൊന്നായി കൃത്യമായ മറുപടി നല്‍കപ്പെടുകയും(വീഡിയോ സിമുലേഷന്‍ ഉള്‍പ്പെടെ)ചാന്ദ്രയാത്രകള്‍ നടത്താന്‍ ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പുതിയതായി പദ്ധതിയിടുകയും ചെയ്തതോടെ കോലാഹലം ഏതാണ്ട് തണുത്ത മട്ടാണ്."സംശയങ്ങള്‍ക്കു വിശദീകരണം നല്‍കാന്‍ ഇന്നും ഔദ്യോഗികമായി നാസ തയ്യാറായിട്ടില്ലെന്നിരിക്കെ ആരുടെ മറുപടിയെക്കുറിച്ചാണ് ലേഖകന്‍ വാചാലനാകുന്നത്? ചില ശാസ്ത്രീയ ലേഖകരുടെ മറുപടിയെന്നവകാശപ്പെടുന്ന വിശദീകരണങ്ങളെയാകാം ഉദ്ദേശിച്ചത്. എന്നാല്‍ വളരെ ഗുരുതരമായ നിരവധി സംശയങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടും വിശദീകരണം നല്‍കാതെ നാസയെപ്പോലൊരു വന്‍ശാസ്ത്ര സ്ഥാപനം മൌനം പാലിക്കുന്നതെന്തുകൊണ്ടെന്ന് ലേഖകന്‍ വ്യക്തമാക്കുമോ? ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വരും ദശകങ്ങളില്‍ ചന്ദ്രയാത്രാ പദ്ധതികള്‍ പ്രഖ്യാപിച്ചതുകൊണ്ട് നാസയുടെ വിശ്വാസ്യത പുനസ്ഥാപിക്കപ്പെടുന്നതെങ്ങനെ?

ഇനി ചന്ദ്രനിലെ ജലം എന്ന വിഷയത്തിലേക്കു വരാം. ചന്ദ്രനില്‍ ജലമുണ്ടെന്ന വാദം തട്ടിപ്പാണെന്നാണ് പുതിയ കണ്ടുപിടിത്തം എന്ന് ലേഖകന്‍ എഴുതിയല്ലോ. ചന്ദ്രനില്‍ ജലമുണ്ടെന്ന നാസയുടെ വാദം തട്ടിപ്പാണെന്ന് നാസയു‌ടെ കടുത്ത വിമര്‍ശകര്‍ പോലും പറഞ്ഞിട്ടില്ല എന്നതാണു യാഥാര്‍ഥ്യം. വ്യാജവാദങ്ങള്‍ സ്വയം നിര്‍മിച്ച് അതിനെ തകര്‍ക്കാന്‍ ലേഖനമെഴുതിയാല്‍ ആര്‍ക്കാണു പ്രയോജനം?

ചന്ദ്രനിലെ ജലവുമായി ബന്ധപ്പെട്ട് ആകെ ഉയര്‍ന്ന സംശയം ഇതു മാത്രമായിരുന്നു: ചന്ദ്രനില്‍ നേരിട്ടുപോയി ശേഖരിച്ച 328 കി. ഗ്രാം പാറ-മണ്ണുകളില്‍ മൂന്നു ദശകത്തിലേറെ ഗവേഷണം നടത്തിയിട്ടും ചന്ദ്രനില്‍ ജലാംശമില്ല എന്ന നിഗമനമാണു ലഭിച്ചത്. ചന്ദ്രയാന്റെ മൂണ്‍ മിനറോളജി മാപ്പര്‍(എം ത്രീ) ജലം കണ്ടെത്തിയതായും നാസ പ്രഖ്യാപിച്ചു. ചന്ദ്രപാറകളില്‍ നേരിട്ടു നടത്തിയ ഗവേഷണങ്ങളേക്കാള്‍ വിശ്വാസയോഗ്യമാണോ ഫോട്ടോ അനാലിസിസ് മാത്രമായ മൂണ്‍ മിനറോളജി മാപ്പര്‍ നല്‍കിയ വിവരം? ആറു പേജുകളിലായി ചന്ദ്രനില്‍ ജലമുണ്ടെന്നു സമര്‍ഥിച്ച ലേഖകനും ഈ സംശയത്തിനു വിശദീകരണം നല്‍കിയിട്ടില്ല.

ലേഖകന്റെ ഈ വരികള്‍ നോക്കൂ:"അന്തരീക്ഷമില്ലാത്ത ചന്ദ്രനില്‍ ഓക്സിജനും ഹൈഡ്രജനുമൊന്നും ഉണ്ടാകില്ലെന്നും അഥവാ ഉണ്ടായാലും നിലനില്‍ക്കില്ലെന്നു് ഏതു സ്കൂള്‍കുട്ടിക്കുമറിയാം,പിന്നെയല്ലേ ജലം!...ആരോപണപ്രവാഹത്തിന്റെ ഗതി ഏതാണ്ടിങ്ങനെയാണ്. "എന്നാല്‍ ഇങ്ങനെയൊരാരോപണം ലോകത്ത് ആരും ഉന്നയിച്ചിട്ടില്ല എന്നതാണു യാഥാര്‍ഥ്യം. ചന്ദ്രയാത്ര കെട്ടുകഥയാണെന്നു സമര്‍ഥിക്കുന്ന എഴുത്തുകാരുടെ ഒട്ടേറെ രചനകള്‍ പരതിയെങ്കിലും ഇങ്ങനെയൊരാരോപണം ആരും മുന്നോട്ടുവച്ചതായി കണ്ടില്ല. വൈക്കോലുകൊണ്ടുള്ള മനുഷ്യരുണ്ടാക്കി സൈനികര്‍ ഷൂട്ടിങ് പരിശീലിക്കുന്നതായി കേട്ടിട്ടുണ്ട്. നാസ വിമര്‍ശകരെ നേരിടാന്‍ തയ്യാറെടുക്കുന്നതിന്റെ ഭാഗമായി ലേഖകന്‍ ഡമ്മി ആരോപണങ്ങളുണ്ടാക്കി തകര്‍ത്തു പരിശീലിക്കുകയാവാം!

"ചന്ദ്രനിലെ ജലസാന്നിധ്യം നാസയുടെ പെട്ടെന്നുണ്ടായ വെളിപാടാണോ?അല്ല-എന്ന് സൌമ്യമായി ഉത്തരം നല്‍കാവുന്ന ചോദ്യമാണിത് " എന്നും ലേഖകന്‍ എഴുതുന്നു(ലേഖനം മൊത്തത്തില്‍ ഇതിനുള്ള ഉത്തരമാണ്).എന്നാല്‍ "ചന്ദ്രനിലെ ജലസാന്നിധ്യം നാസയുടെ പെട്ടെന്നുണ്ടായ വെളിപാടാ"ണെന്ന് ഏതെങ്കിലും 'വിവാദ നായകര്‍'

അഭിപ്രായപ്പെട്ടുവോ? ഇല്ലെന്നതാണു വസ്തുത.എന്നിരിക്കെ ചന്ദ്രനില്‍ ജലമില്ല എന്നൊരു വ്യാജ സിദ്ധാന്തമുണ്ട് എന്ന വാദം തന്നെ ലേഖകന്റെ മനോവിലാസമാണെന്നു തെളിയുന്നു.

ഒരു ശാസ്ത്രജ്ഞനോ ഏതാനും ശാസ്ത്രജ്ഞരോ പറയുന്ന അഭിപ്രായങ്ങള്‍ പലപ്പോഴും ശാസ്ത്രജ്ഞരാല്‍ തന്നെ വെല്ലുവിളിക്കപ്പെടാറുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ചൊവ്വയില്‍ മീതേന്‍ കണ്ടെത്തിയെന്ന് യൂറോപ്യന്‍ മാര്‍സ് എക്സ്പ്രസ് ഓര്‍ബിറ്ററുമായി ബന്ധപ്പെട്ട ചില ശാസ്ത്രജ്ഞര്‍ അവകാശപ്പെടുകയുണ്ടായി. എന്നാല്‍ കൊളറാഡോ യൂണിവേഴ്സിറ്റിയിലെ ചൊവ്വാ വിദഗ്ധനായ ബ്രൂസ് ജാക്കോസ്കി ഇതില്‍ സംശയം പ്രക‌ടിപ്പിക്കയുണ്ടായി. ഇതേപ്പറ്റി ലോകപ്രശസ്ത ശാസ്ത്ര വാരികയായ ന്യൂ സയന്റിസ്റ്റ് കൊടുത്ത കുറിപ്പിന്റെ തലക്കെട്ട് Methane on Mars causes controversy എന്നാണ്.(New Scientist, 21 Sep 2004. Maggie Mackee യുടെ റിപ്പോര്‍ട്ട്).ജാക്കോസ്കി ഈ അവകാശവാദങ്ങളെ 'വളരെ വിവാദപരം' എന്നാണു വിശേഷിപ്പിച്ചതെന്നും 'ന്യൂ സയന്റിസ്റ്റി'ലുണ്ട്.

1996  ഓഗസ്റ്റ് 7ന് നാസാ ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചതെന്താണെന്നോ? ചൊവ്വയില്‍ മുന്‍പ് ജീവനുണ്ടായിരുന്നതിനു തെളിവുകള്‍ കിട്ടി എന്ന്! നാസ ജോണ്‍സന്‍ സ്പേസ് സെന്ററിന്റെ വക്താവ് ഡേവിഡ് മക്കേ തന്നെയാണിതു പ്രഖ്യാപിച്ചത്.കേരളത്തിലേതടക്കം ലോകമെമ്പാടുമുള്ല മാധ്യമങ്ങളില്‍ ഇതേപ്പറ്റി ദിവസങ്ങളോളം വാര്‍ത്തകള്‍ വരികയുണ്ടായി. അന്റാര്‍ട്ടിക്കയില്‍ നിന്നു കിട്ടിയ ALH84001ഉല്‍ക്കയെ പരിശോധിച്ചപ്പോളാണ് ഇങ്ങനെയൊരു പ്രഖ്യാപനമുണ്ടായത്.എന്നാല്‍ പിന്നീടുണ്ടായ എല്ലാ പഠനങ്ങളും ഈ പ്രഖ്യാപനം അബദ്ധമായിരുന്നുവെന്നു തെളിയിച്ചു.  'ചൊവ്വയിലെ ജീവനു ' കിട്ടിയ വാര്‍ത്താ പ്രാധാന്യം ഈ തെളിവുകള്‍ക്കു ലഭിച്ചതുമില്ല. ഇത്തരം വിവാദങ്ങള്‍ ശാസ്ത്രലോകത്ത് പതിവുള്ളതാണെങ്കിലും ലേഖകനു പരിചയമില്ലെന്നു ലേഖനത്തില്‍നിന്നു വ്യക്തമാണ്.

(പച്ചക്കുതിര 2010 ജൂലൈ )


ഈ കുറിപ്പിനോട് രവിചന്ദ്രന്‍ പ്രതികരിച്ചില്ല. പകരം പ്രവീണ്‍  എന്ന വായനക്കാരനാണു മറുപടി എഴുതിയത്. ആ മറുപടിക്കും സുദേഷ് മറുപടി ഇങ്ങനെ എഴുതുകയുണ്ടായി:


ശാസ്ത്രജ്ഞന്റെ അഭിപ്രായങ്ങളായാലും അണ്ണാക്കു തൊടാതെ വിഴുങ്ങുന്നവരെ 'ശാസ്ത്രാന്ധവിശ്വാസികള്‍ ' എന്നാണു വിളിക്കേണ്ടത്. ശ്രീ പ്രവീണ്‍ എന്റെ സംശയങ്ങളോടു പ്രതികരിച്ചിരിക്കുന്നതും ഇത്തരമൊരു മനോഭാവത്തോടെയാണ്.(പച്ചക്കുതിര ഓഗസ്റ്റ് 2010).


1972ല്‍ അപ്പോളോ പദ്ധതി അവസാനിപ്പിച്ച നാസ ഇന്നോളം മറ്റൊരു ചന്ദ്രയാത്ര നടത്താത്തതിനു കാരണം, "അമേരിക്കന്‍ ജനതയ്ക്ക് ചന്ദ്രയാത്രയിലുള്ള താത്പര്യവും ആവേശവും ഗണ്യമായി കുറഞ്ഞുവെന്നതാണെ"ന്ന് അദ്ദേഹം എഴുതുന്നു. ശാസ്ത്രീയ ഗവേഷണങ്ങളും പര്യവേക്ഷണങ്ങളും മറ്റും നടത്തുന്നത് ജനങ്ങള്‍ക്കിടയില്‍ സര്‍വേ നടത്തിയല്ല, മറിച്ച് ശാസ്ത്ര സമൂഹത്തിന്റെയും രാഷ്ട്രീയനേതൃത്വത്തിന്റെയും തീരുമാനമാണ് അക്കാര്യത്തില്‍ നിര്‍ണായകമെന്നുള്ള സാമാന്യ വിവരം പോലും, നാസയെ അന്ധമായി ന്യായീകരിക്കുന്ന തത്രപ്പാടില്‍ പ്രവീണ്‍ മറന്നു പോകുന്നു,അഥവാ പ്രവീണിന് ഇല്ലാതെ പോവുന്നു എന്നതു കഷ്ടം തന്നെ.

"വിവിധ ദൌത്യങ്ങളിലായി കൊണ്ടുവന്ന തെളിവുകളും ഡേറ്റകളും ഏറെക്കുറെ ആവര്‍ത്തനസ്വഭാവമുള്ളതായിരുന്നു"വത്രേ! "വീണ്ടും വീണ്ടും ചന്ദ്രനില്‍ പോയിട്ട് വലിയ പ്രയോജനമൊന്നുമില്ല എന്നതായിരുന്നു നാസയുടെ വിലയിരുത്തല്‍ "എന്നും കുറിപ്പിലുണ്ട്. ഇതാണു യാഥാര്‍ഥ്യമെങ്കില്‍ 2020 നകം വീണ്ടും ചന്ദ്രനില്‍ ഇറങ്ങാനുള്ള നാസയുടെ ശ്രമവും 2011 ലും 2012 ലും പേടകമയക്കാന്‍ പദ്ധതിയിടുന്നതും ഭോഷത്തമല്ലേ പ്രവീണേ? പ്രയോജനമില്ലെന്നു കണ്ട് നാസ നിര്‍ത്തിയ പദ്ധതി നാസ തന്നെ പുനരാരംഭിക്കുന്നതിലെ വൈരുധ്യം എങ്ങനെ വിശദീകരിക്കും? രണ്ടിലൊരു വാദമല്ലേ ശരിയാവൂ?

വരണ്ട ചന്ദ്രനില്‍ നിന്നു കിട്ടിയ പാറയിലും മണ്ണിലും ഭൂമിയിലേതുപോലെ വിവരവൈവിധ്യം കാണാനിടയില്ലെങ്കിലും ആറ് ചന്ദ്രയാത്രകളോടെ തീരുന്ന പ്രകൃതിരഹസ്യങ്ങളേ ചന്ദ്രനിലുള്ളൂ എന്നു കരുതുന്നവരെ വിഡ്ഢികളുടെ കൂട്ടത്തില്‍പ്പോലും പെടുത്താനാവില്ല.ഭൂമിയിലെ പോലെ അന്തരീക്ഷമോ ഗുരുത്വാകര്‍ഷണമോ ഇല്ലാത്ത ചന്ദ്രില്‍ വാനലോകത്തുനിന്നു പതിക്കുന്ന കോസ്മിക് രശ്മികളുടെ വിവരശേഖരം തന്നെയുണ്ടാകും. അതുകൊണ്ടുതന്നെ,നക്ഷത്ര വ്യവസ്ഥകളെയും ഗ്രഹാന്തര മണ്ഡലങ്ങളെയും അവയുടെ ഉദ്ഭവത്തെയും സംബന്ധിച്ചു് ഏറെ വിവരങ്ങള്‍ ചന്ദ്രയാത്രയില്‍നിന്നും പഠനത്തില്‍നിന്നും ലഭിക്കുമെന്നാണു പ്രതീക്ഷിക്കേണ്ടത്. എന്നിട്ടും 'പുതിയ വിവരങ്ങളൊന്നും കിട്ടുന്നില്ല' എന്ന വാദമുയര്‍ത്തി ചന്ദ്രയാത്ര അവസാനിപ്പിച്ച നാസയുടെ നിലപാടുതന്നെ സാമാന്യമായ ശാസ്ത്രബോധമുള്ളവരില്‍ സംശയങ്ങളുയര്‍ത്തും.

സ്പേസ് ഷട്ടിലുകള്‍ ചാന്ദ്രദൌത്യങ്ങള്‍ക്കു വേണ്ടിയല്ലെന്ന് ഏവര്‍ക്കുമറിയാം. ഇന്നത്തെ സ്പേസ് ഷട്ടിലുകള്‍ ചന്ദ്രയാത്ര നടത്താത്തതെന്തേ എന്നതല്ല സംശയം. 1969-72 കാലയളവില്‍ രണ്ടുലക്ഷത്തിലേറെ മൈലുകള്‍ താണ്ടി ആറുതവണ ചന്ദ്രനിലേക്കു ഷട്ടില്‍ യാത്രകള്‍ നടത്തിയവര്‍ ,നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു ശേഷവും അഞ്ഞൂറുമൈലുകള്‍ക്കപ്പുറം എന്തുകൊണ്ടു ഷട്ടില്‍ യാത്രകള്‍ നടത്തുന്നില്ല എന്നതാണു ചോദ്യം. ശാസ്ത്ര-സാങ്കേതിക പുരോഗതി മുന്നോട്ടാണെങ്കില്‍ 1972ല്‍ ചന്ദ്രനിലേക്ക് ഷട്ടില്‍ യാത്രകള്‍ നടത്തിയവര്‍ നാലു പതിറ്റാണ്ടു കഴിഞ്ഞപ്പോള്‍ അതിനപ്പുറം പോകുന്നതിനു പകരം വെറും 500 മൈല്‍ വട്ടം കറങ്ങുന്നതെന്തുകൊണ്ടെന്നാണു സംശയം. സ്പേസ് ഷട്ടിലുകള്‍ നിര്‍മിച്ചിട്ടുള്ളത് ചാന്ദ്രയാത്രക്കല്ല എന്നു പറഞ്ഞാല്‍ ഇതിനു വിശദീകരണമാവുമോ ?

ചന്ദ്രനില്‍ ജലമില്ല എന്നൊരു വാദം ഏതെങ്കിലും ഹോക്സ് തിയറിക്കാര്‍ ഉന്നയിച്ചതായി അറിവില്ല. ചന്ദ്രനില്‍ നേരിട്ടു് ഇറങ്ങി കൊണ്ടുവന്ന പാറകളും മണ്ണും നേരിട്ട് ലാബുകളില്‍ പരിശോധിച്ചപ്പോള്‍ കിട്ടിയ ഗവേഷണഫലം, ജലാംശമില്ല എന്നതായിരുന്നു. എന്നാല്‍ ചന്ദ്രയാനില്‍ നിന്നു കിട്ടിയ ഫോട്ടോകള്‍ നോക്കി ചന്ദ്രനില്‍ ജലാംശമുണ്ട് എന്നു് ഇപ്പോള്‍ നാസ പറയുന്നു. നേരിട്ടു പോയി ശേഖരിച്ച പാറകള്‍ ലാബുകളില്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച ഗവേഷണഫലമാണോ ഫോട്ടോയാണോ കൂടുതല്‍ ശാസ്ത്രീയമൂല്യമുള്ളത് എന്ന സംശയമാണ്  ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ചന്ദ്രയാത്രയില്‍ സംശയം പ്രകടിപ്പിച്ചിട്ടുള്ള ആരും തന്നെ ചന്ദ്രനില്‍ ജലമില്ല എന്നു വാദിച്ചിട്ടേയില്ല. അതിനാല്‍ ഇത്തരമൊരു ആരോപണം ശ്രീ രവിചന്ദ്രന്‍ കെട്ടിച്ചമച്ചതാണെന്നു തെളിയുന്നു.

ചന്ദ്രയാത്രയെ നിഷേധിക്കുന്ന പുസ്തകങ്ങളുടെ എണ്ണം പത്തില്‍ താഴെയാണ്. (പതിനഞ്ചില്‍ ഏറെ എന്ന പ്രവീണിന്റെ വാദം സത്യവിരുദ്ധമാണ്. )വിറ്റഴിക്കപ്പെട്ട അവയുടെ കോപ്പികളാവട്ടെ തുഛമാണു താനും. സിഡികളും സിനിമകളും കപ്പും സോസറും ടീഷര്‍ട്ടുമെല്ലാം വളരെ കുറഞ്ഞ അളവില്‍ മാത്രം വിറ്റഴിക്കപ്പെട്ടവയാണ്. ഇതില്‍നിന്ന് ശതകോടികളുടെ കച്ചവടം നടന്നതായി കണക്കാക്കുന്നവര്‍ക്ക് സാമാന്യ ഗണിതം പോലും വശമില്ലെന്നു സ്പഷ്ടമാണ്.

ചന്ദ്രയാത്രയെക്കുറിച്ചുള്ള ന്യായമായ സംശയങ്ങള്‍ക്ക് 'ബാഡ് അസ്ട്രോണമി' സൈറ്റും ഫിലിപ്പ് പ്ലെയ്റ്റും നല്‍കിയ വിശദീകരണങ്ങള്‍ ബാലിശങ്ങളാണ്. ഒരുദാഹരണം മാത്രം സൂചിപ്പിക്കാം. ചന്ദ്രനില്‍ അസ്ട്രോനോട്ടുകള്‍ കങ്കാരുച്ചാട്ടം നടത്തുന്നുണ്ടല്ലോ. ഇവ സ്പീഡ് മോഷനില്‍ ആക്കിയാല്‍ ഭൂമിയിലെ സാധാരണ ചാട്ടമാകും എന്ന് ഫോക്സ് ന്യൂസിലെ പ്രോഗ്രാമില്‍ ( 2001 ഫെബ്രുവരി 15)വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ഭൂമിയിലെ കങ്കാരുച്ചാട്ടം സ്ലോമോഷനിലാക്കി ചന്ദ്രനിലെ ചാട്ടം കൃത്രിമമായി നിര്‍മിക്കാമെന്നര്‍ഥം. ഇതിന് ഫിലിപ്പ് പ്ലെയ്റ്റ് നല്‍കിയ മറുപടി ഇതായിരുന്നു:"To me even when speed up, the images didn't looklike they were filmed in earth's gravity. "പ്ലെയ്റ്റിന് തോന്നാത്തത് അദ്ദേഹത്തിന്റെ നിരീക്ഷണശേഷിയില്ലായ്മയെയാണു വെളിവാക്കുന്നത്. ഇതെഴുതുന്നയാള്‍ പ്രസ്തുത വീഡിയോകള്‍ സ്പീഡ് മോഷനില്‍ കാണുകയുണ്ടായി. വ്യക്തമായും ഭൂമിയിലെ സാധാരണ ചാട്ടം തന്നെയാണതെന്നു ബോധ്യപ്പെടുകയുണ്ടായി. ആര്‍ക്കും ഇതു പരീക്ഷിച്ചു ബോധ്യപ്പെടുന്ന കാര്യമാണ്. അസ്ട്രോനോട്ടുകളുടെ ചന്ദ്രനിലെ കങ്കാരുച്ചാട്ടം നാസയുടെ വിഡ്ഢിത്തത്തിന് ഉദാഹരണം കൂടിയാണ്. ഗുരുത്വാകര്‍ഷണമില്ലാത്ത( 1/6 മാത്രം)ചന്ദ്രനില്‍ വളരെ പതുക്കെ നടക്കുകയാണു വേണ്ടത്. (റിസ്കു കുറക്കാന്‍ ) എന്ന കാര്യം കൃത്രിമ വീഡിയോകള്‍ ചമച്ച നാസയിലെ ബുദ്ധിരാക്ഷസന്മാരുണ്ടോ അറിയുന്നു!
(ഒക്റ്റോബര്‍ , 2010- പച്ചക്കുതിര) 


പച്ചക്കുതിരയില്‍  ഈ കുറിപ്പുകള്‍ എഡിറ്റു ചെയ്താണു വന്നത്.